കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി പത്മകുമാറിന്റെ ഭാര്യ അനിത, മൂന്നാം പ്രതിയായ ഇവരുടെ മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി ഇന്‍സ്പെക്ടറാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികളെ അല്പസമയത്തിനകം അടൂര്‍ കെഎപി ക്യാമ്പില്‍ നിന്ന് പൂയപ്പള്ളി സ്റ്റേഷനില്‍ എത്തിക്കും. ശേഷം വൈദ്യ പരിശോധനയ്ക്ക് കൊണ്ട് പോകും. വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്ന് പ്രതികളെയും കൊട്ടരക്കര കോടതിയില്‍ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് ഉണ്ടാവുമെന്നാണ് അന്വേഷണസംഘം നല്കുന്ന സൂചന.
പ്രതികളായ പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ് നല്കുന്ന വിവരം. സംഘം നേരത്തെയും തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തിരുന്നു. പല കുട്ടികളെയും തട്ടി കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.
അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ മൂന്ന് തവണയാണ് ശ്രമം നടത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാമെന്നായിരുന്നു പദ്ധതി. ഇതിനുള്ള ട്രയല്‍ കിഡ്നാപ്പിംഗ് ആണ് അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. പത്മകുമാറിന് 5 കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.
അബിഗേലിനെ തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്. കുട്ടി നല്കിയ വിവരങ്ങളുടെയും സാക്ഷികള്‍ നല്കിയ സൂചനകളുടെയും ലാപ്ടോപ്പ് ഐപി അഡ്രസിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് പ്രതികളെ പിന്തുടര്ന്ന് തമിഴ്നാട് തെങ്കാശിയിലെ പുളിയറയില്‍ നിന്ന് പിടികൂടിയത്. പ്രതികള്‍ സംഭവ ദിവസം സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളാണ് പൊലീസിനെ പത്മകുമാറിലേക്കെത്തിച്ചത്. കുട്ടിക്ക് കാര്‍ട്ടൂണ്‍ കാണാന്‍ നല്കിയ ലാപ്ടോപിന്റെ ഐപി അഡ്രസും സഹായകമായി.
നവംബര്‍ 27ന് വൈകിട്ടാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. പിന്നീട് കുട്ടി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രേഖാ ചിത്രം വരച്ചു. മാത്രമല്ല, തന്നെ തട്ടിക്കൊണ്ടുപോയത് നീലക്കാറിലാണെന്ന് കുട്ടി പറഞ്ഞതോടെ അന്വേഷണം നീലക്കാറിലേക്ക് നീണ്ടു. തട്ടിക്കൊണ്ടുപോയതിന്റെ പിറ്റേന്ന് കുട്ടിയുമായി യുവതി കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം വന്നിറങ്ങിയ നീലക്കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതോടെയാണ് അന്വേഷണം പത്മകുമാറിലേക്ക് നീണ്ടത്. രാത്രി പത്മകുമാറിന്റെ വീട്ടിലെത്തിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്നെത്തിയ പൊലീസ് തെങ്കാശിക്ക് സമീപം ഇവരെ കണ്ടെത്തുകയും പത്മകുമാറിന്റെ ഫോട്ടോ എടുത്ത് കൊല്ലത്തേക്ക് അയച്ച് കുട്ടിയെ കാണിച്ച് ഉറപ്പ് വരുത്തുകയും ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.