സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും മുമ്പ് ചോര്‍ന്നെന്ന പരാതിയില്‍ തന്റെ വിശദീകരണം സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രിവിലേജ് കമ്മിറ്റി വിളിപ്പിച്ചത് നല്ല തീരുമാനമായി കാണുന്നു. കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം ലഭിച്ചത് സ്വാഗതാര്‍ഹമാണ്. അസാധാരണത്തില്‍ അസാധാരണമായിട്ടുളള സാഹചര്യമാണ് സി.എ.ജി റിപ്പോര്‍ട്ട് സൃഷ്ടിച്ചത്. എ.ജിയുടെ നടപടികള്‍ ചട്ടപ്രകാരമല്ല, എത്തിക്സ് കമ്മിറ്റിയില്‍ ഹാജരാകുമെന്നും ശിക്ഷ വിധിക്കാനുള്ള കോടതിയല്ല എത്തിക്സ് കമ്മിറ്റിയെന്നും മന്ത്രി പറഞ്ഞു.
കേരള വികസനത്തെ അട്ടിമറിയ്ക്കാനാണ് അന്വേഷണ ഏജന്‍സികളുടെ ശ്രമം. ചട്ടം ലംഘിച്ച് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. അസേമയം സഭാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് അവകാശലംഘന നോട്ടിസില്‍ മന്ത്രിയുടെ വിശദീകരണം എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത്. മന്ത്രി തോമസ് ഐസക്കിനെതിരായ പരാതി അര്‍ഹിക്കുന്ന ഗൗരവത്തോടെയും വസ്തുനിഷ്ഠമായും പരിഗണിക്കുമെന്ന് നിയമസഭ എത്തിക്സ് ആന്റ് പ്രിവില്ലേജ് കമ്മിറ്റി ചെയര്മാന് എ പ്രദീപ് കുമാര്‍ എം.എല്‍എ. വെള്ളിയാഴ്ച കമ്മിറ്റി ചേരുമ്പോള്‍ പരാതിയിന്മേല് തുടര്‍നടപടികള്‍ ആരംഭിക്കും. പരാതിക്കാരനെയും മന്ത്രിയെയും കമ്മിറ്റി കേള്‍ക്കുമെന്നും പ്രദീപ് കുമാര്‍ കോഴിക്കോട് പറഞ്ഞു.
ധനമന്ത്രിക്കെതിരെ വി. ഡി സതീശന് എം.എല്‍.എ നല്കിയ അവകാശ ലംഘന പരാതി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്ക് നല്‍കിയിരുന്നു. സിഎജി റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പ് ധനമന്ത്രി പരസ്യപ്പെടുത്തിയെന്ന് സ്പീക്കര്‍ പറഞ്ഞു. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഒരു മന്ത്രിക്കെതിരെ ഇത്തരത്തിലുള്ള നടപടി സഭാ ചരിത്രത്തില്‍ ആദ്യമാണ്. അവകാശ ലംഘന പരാതിയില്‍ നേരത്തെ ധനമന്ത്രി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു.


