കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തിനെതിരെ ശബ്ദമുയര്‍ത്തിയ ജോജു ജോര്‍ജിനെതിരെ വിമര്‍ശനവുമായി പിസി ജോര്‍ജ്.
സമരം ചെയ്യുന്ന കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ജോജു ജോര്‍ജ് ആരാണ് എന്നാണ് പിസി ജോര്‍ജ് ചോദിക്കുന്നത്. ‘അയാള്‍ക്കു കൂടി വേണ്ടിയല്ലെ അവര്‍ സമരം ചെയ്തത്. ഞാനായിരുന്നുവെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നു. അയാളെ കണ്ടാല്‍ കള്ളുകുടിയനെ പോലെയാണിരിക്കുന്നത്.
‘തിങ്കളാഴ്ച്ച പതിനൊന്നു മണി മുതല്‍ അരമണിക്കൂര്‍ സമരം നടത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. ഈ സമര സമയത്ത് തന്നെ എന്തിനാണ് ജോജു അവിടെ പോയത്.
കോണ്‍ഗ്രസ് ആയതു കൊണ്ടാണ് ഷൈന്‍ ചെയ്യാന്‍ നോക്കിയത്. കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നെങ്കില്‍ ജോജു ആശുപത്രിയിലാകുമായിരുന്നു.’ പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
‘നാല് കാശ് കയ്യില്‍ വന്നപ്പോള്‍ എല്ലാം മറന്നു പോയോ. ഒരു സിനിമ നടനല്ലെ ഒന്നു ഷൈന്‍ ചെയ്തേക്കാം എന്ന് കരുതിക്കാണും. ജനപക്ഷത്തിന്റെ സമരത്തിലാണ് ഇതെല്ലാം ചെയ്തിരുന്നെങ്കിലും ജോജുവിനെ ആശുപത്രിയില്‍ കിടത്തിയേനെ.’ എന്നായിരുന്നു ഈ വിഷയത്തില്‍ പി സിയുടെ പ്രതികരണം.


