അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ ഇന്ന് കണ്ണൂരിലെത്തിക്കും. 11 മണിക്ക് മൃതദേഹം മട്ടന്നൂരിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. വിലാപ യാത്രയായാണ് മൃതദേഹം തലശേരിയിലേക്ക് കൊണ്ടു പോകുന്നത്. ഉച്ച മുതല്‍ തലശേരിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ പയ്യാമ്പലത്തു വെച്ചാണ് സംസ്കാരം നടത്തുന്നത്.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്നു. ചെന്നൈയില്‍ നിന്ന് കോടിയേരിയുടെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ വിനോദിനിയും മകന് ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും.
11 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തലശ്ശേരിയില്‍ എത്തിക്കും. ഇന്ന് രാത്രി വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാളെ രാവിലെ വീട്ടിലും, 11 മണി മുതല്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് കണ്ണൂരിലെത്തും.
പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമ രഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലും കൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചു പറ്റാനും അദ്ദേഹത്തിനായി.
ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും നാടിനാവശ്യമുള്ള വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിന്ന് കോടിയേരി നയിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാര്‍ട്ടി കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനായിരുന്നു കോടിയേരിയുടെ ശ്രദ്ധ.
പതിനാറാം വയസിലാണ് കോടിയേരി പാര്‍ട്ടി അംഗത്വത്തിലേക്കെത്തുന്നത്. പതിനെട്ടാം വയസില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസാ തടവുകാരനായി. ജയിലില്‍ പിണറായി വിജയനും എം.പി. വീരേന്ദ്രകുമാറും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍. പൊലീസ് മര്‍ദനത്തില്‍ അവശനായ പിണറായിയെ സഹായിക്കാന്‍ നിയുക്തനായത് കൂട്ടത്തില്‍ ഇളയവനായ ബാലകൃഷ്ണനായിരുന്നു.
പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും കണ്ണൂരിലേക്ക് ഒഴുകിയെത്തും. കോടിയേരി ബാലകൃഷ്ണനോടുള്ള ആദര സൂചകമായി നാളെ തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്.


