തിരുവനന്തപുരം: എം.എം. ഹസനെ പുതിയ യുഡിഎഫ് കണ്‍വീനറായി തിരഞ്ഞെടുത്തു. ബെന്നി ബെഹനാന് രാജിവച്ച ഒഴിവില്‍ മുന്‍ധാരണ പ്രകാരമാണ് തെരഞ്ഞെടുപ്പ്. ഘടകക്ഷികളുമായി ആലോചിച്ചാണ് ഹസനെ തിരഞ്ഞെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 2018ലാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ബെന്നി ബെഹ്നാന് എത്തുന്നത്.
ബെന്നിയുടെ വണ്മാന് ഷോയും ഐ ഗ്രൂപ്പുമായുള്ള രഹസ്യ ഉടമ്പടിയും എ ഗ്രൂപ്പ് നേതാക്കള്‍ക്ക് തലവേദനയായിരുന്നു. ഉമ്മന്‍ചാണ്ടിയടക്കം നേതാക്കള്‍ തനിക്കെതിരായതോടെ രമേശുമായി സഖ്യത്തിലാവാന്‍ ബെന്നി ശ്രമം നടത്തിരുന്നു. ഇതിന്റെ ഭാഗമായി മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരാനാകുമെന്നായിരുന്നു ബെന്നിയുടെ പ്രതീക്ഷ. ആദ്യം അനുകൂലിച്ച രമേശ് ചെന്നിത്തല പിന്നീട് അതിനു വഴങ്ങിയില്ല. ബെന്നിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധം വഷളാക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് രമേശ് ബെന്നിയെ കൈവിടുകയായിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടുമുന്‍പായി കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ എ ഗ്രൂപ്പ് നേതൃത്വം ആവശ്യപ്പെട്ടങ്കിലും പാര്‍ലമെന്റു സമ്മേളനം കഴിയും വരെ കണ്‍വീനര്‍ സ്ഥാനത്തു തുടരാന്‍ ബെന്നി ഹൈക്കമാന്‍ഡില്‍ നിന്നും സമ്മതം നേടുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ബെന്നി ബെഹന്നാന് എത്തുന്നത്. പിന്നീട് അദ്ദേഹം ചാലക്കുടിയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചതോടെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന് എഗ്രൂപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി രാജി തീരുമാനം നീട്ടിക്കൊണ്ടു പോകാനാണ് അദ്ദേഹം നീക്കം നടത്തിയത്. ഒടുവില്‍ കൊച്ചിയില്‍ വാര്‍ത്ത സമ്മേളനം നടത്തിയാണ് മുന്നണി നേതൃസ്ഥാനം ഒഴിഞ്ഞത്.


