പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ ഐഫോണ്‍ ആരോപണം സിപിഎം ഏറ്റെടുക്കില്ല. വ്യക്തിപരമായ ആരോപണം വേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്കി. സൈബര്‍ ഇടങ്ങളില്‍ യുഡിഎഫ് ഇരട്ടത്താപ്പ് തുറന്നുകാട്ടാനും പദ്ധതി.
2019 ഡിസംബര്‍ 2ന് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരമായി നല്കാന് സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം അഞ്ചു ഐഫോണ്‍ വാങ്ങി നല്‍കിയെന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ അവകാശവാദം. ഈ ഫോണുകള്‍ വാങ്ങിയതിന്റെ ബില്ലാണ് പുറത്ത് വന്നത്. ഇതില്‍ ഒരു ഫോണ്‍ സ്വപ്ന, രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയെന്നാണ് സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.
നവംബര്‍ 29 ന് കൊച്ചിയില്‍ നിന്ന് മൂന്നു ലക്ഷത്തി തൊണ്ണൂറ്റിമൂവായിരം രൂപയ്ക്കാണ് ആറുഫോണുകള് വാങ്ങിയത്. യൂണിടാക് ബില്‍ഡേഴ്സിന്റെ പേരിലാണ് ബില്ല്. 49,000 രൂപ വിലവരുന്ന നാല് ഐഫോണ്‍ എക്സ് ആറും 99,900 രൂപ വിലവരുന്ന ഐഫോണ്‍ ഇലവണ്‍ പ്രോയും 1,13,900 രൂപ വിലവരുന്ന 256 ജിബി മെമ്മറിയുള്ള മറ്റൊരു ഐഫോണ്‍ ഇലവണ്‍ പ്രോയുമാണ് വാങ്ങിയത്.
ഇതില്‍ അഞ്ചു ഫോണുകള്‍ സ്വപ്നയ്ക്ക് കൈമാറിയെന്ന് സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. ദേശീയ ദിനാഘോഷച്ചടങ്ങില്‍ വച്ച് രമേശ് ചെന്നിത്തലയ്്ക്ക് ഉപഹാരമായി സ്വപ്ന സുരേഷ് ഈ ഫോണ്‍ നല്‍കിയെന്നാണ് സന്തോഷ് ഈപ്പന്റെ അവകാശവാദം. എന്നാല്‍ ഈ ബില്ല് ഫോണ്‍ വാങ്ങിയെന്നതിന് മാത്രമുള്ള തെളിവാണ്. ഇത് സ്വപ്ന സുരേഷിനും പിന്നെ ചെന്നിത്തലയ്ക്കും കൈമാറിയെന്ന് തെളിയിക്കാന്‍ ഫോണുകള്‍ കണ്ടെത്തേണ്ടിവരും.


