ഹാത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ യു.പി പൊലീസ് കേസെടുത്തു. പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് കേസ്. 153 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും ഗൗതം ബുദ്ധ നഗര്‍ പൊലീസ് കേസെടുത്തു.
ഇന്നലെ ഹത്റാസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ എത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു. ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലാണ് ഇരുവരും ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞത്. ഹാത്രസിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
ഹത്റാസ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ഇതിന് ഫോറന്‍സിക് തെളിവില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. ജാതി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിജിപി പറഞ്ഞു.
ഹാത്രസ് പീഡനത്തില്‍ പ്രതിഷേധം മുന്നില്‍കണ്ട് ഡല്‍ഹിയില്‍ ഇന്ത്യ ഗേറ്റ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. വിവിധ സംഘടനകള്‍ ഇന്ത്യ ഗേറ്റില്‍ ഇന്ന് 5 മണിക്ക് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജന്തര്‍ മന്തറിലും ഇന്ന് പ്രതിഷേധത്തിന് സാധ്യതയുണ്ട്. അനുമതി തേടിയാല്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കാമെന്നും 100 പേരില്‍ കൂടുതല്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.


