യൂത്ത് കോണ്‍ഗ്രസ് വക്താവായുള്ള മകന്റെ നിയമനത്തില്‍ പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. യൂത്ത് കോണ്‍ഗ്രസിന്റേത് ആഭ്യന്തര പ്രശ്നമാണെന്നും തന്നെക്കൂടി ലിങ്ക് ചെയ്യാനുള്ള ശ്രമമാണോ എന്ന് സംശയമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മകന്റെ നിയമനം വിവാദമായ സാഹചര്യത്തില്‍ കൂടിയാണ് തിരുവഞ്ചൂരിന്റെ പ്രതികരണം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനത്തില്‍ കെ.സി. വേണുഗോപാല്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ഗ്രൂപ്പുകള്‍ രംഗത്ത് വന്നിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജുന് രാധാകൃഷ്ണനെ വക്താവാക്കിയ തീരുമാനം ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്നു.
നിയമനം അറിഞ്ഞില്ലെന്ന സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പലിന്റെ വാദം ഒരു വിഭാഗം തള്ളി. ഷാഫി അറിയാതെ വക്താവിനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.


