പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചു. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു.
പബ്ജിക്ക് പുറമേ നിരോധിച്ച ആപ്പുകള്‍ ഏതൊക്കെയാണെന്ന പട്ടിക പുറത്ത് വന്നു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.
നേരത്തെ തന്നെ ജനപ്രിയമായ പബ്ജി ലോക്ക്ഡൗണ്‍ കാലത്ത് അത്ഭുതകരമായ വളര്‍ച്ചയായിരുന്നു സ്വന്തമാക്കിയത്. പബ്ജി യഥാത്ഥത്തില്‍ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈല്‍ പതിപ്പിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ് പബ്ജി കോര്പ്പറേഷന്. സോളാണ് കമ്പനിയുടെ ആസ്ഥാനം.
ടെന്‍സെന്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തില്‍ മാത്രം സമ്മാനിച്ചത് 1700 കോടിയില്‍പരം രൂപയുടെ വരുമാനമാണ്. ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ളേ എന്നിവയില്‍ നിന്ന് മെയ് 1 മുതല്‍ മെയ് 31 വരെ ശേഖരിച്ച വിവരങ്ങള്‍ വെച്ചാണ് ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത് മെയ് 2020 -ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച ഗെയിമാണ് പബ്ജി മൊബൈല്‍.


