കനത്ത മഴയില്‍ ചാലക്കുടി പുഴയില്‍ ആന ഒഴുക്കില്‍പ്പെട്ടു. കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയില്‍ കുടുങ്ങി കിടക്കുകയാണ് ആന. മൂന്ന് മണിക്കൂറോളം കനത്ത ഒഴുക്കിനെ പ്രതിരോധിച്ച് ആന പിടിച്ചു നില്‍ക്കുകയാണ്. പിള്ളപ്പാറ മേഖലയിലാണ് സംഭവം. ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.
അതിരപ്പള്ളിയിലേക്ക് പോകുന്ന പിള്ളപ്പാറ മേഖലയിലാണ് കാട്ടാന ഒഴുക്കില്‍പ്പെട്ടത്. കനത്ത ഒഴുക്കായതിനാല്‍ ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്ക് കുറഞ്ഞാല്‍ മാത്രമേ ആനയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയൊള്ളൂ. ആനക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് ഡി.എഫ്.ഒ പറഞ്ഞു. ഇരു കരകളിലും ആളുകള്‍ കൂടി നില്ക്കുന്നതും ആനക്ക് പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും ഡി.എഫ്.ഒ പറഞ്ഞു.
അതേസമയം, ചാലക്കുടി പുഴയ്ക്ക് സമീപം താമസിക്കുന്നവരോട് ഉടന്‍ മാറിത്താമസിക്കാന്‍ കലക്ടറുടെ ര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മുരിങ്ങൂര്‍ ഡിവൈന്‍ കോളനി, പരിയാരം എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
തൃശൂര്‍ ചാവക്കാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞു 2 പേരെ കാണാതായി. 6 പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. മധ്യ, തെക്കന്‍ കേരളത്തിനൊപ്പം വടക്കന്‍ കേരളത്തിലും മഴ കനക്കും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് ആണ്. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കും.


