കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാറിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് അനീഷ് കുമാര്‍. പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഓഫീസ് സെക്രട്ടറി സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ ഇത് സമ്മതിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കേസില്‍ കഴിഞ്ഞ ദിവസങ്ങളിലായി ബി.ജെ.പി നേതാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തൃശ്ശൂര്‍ പൊലീസ് ക്ലബ്ബിലാകും ചോദ്യം ചെയ്യല്‍.
നേരത്തെ പണം കണ്ടെത്തുന്നതിനായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേരുടേയും വീടുകള്‍ അന്വേഷണസംഘം റെയ്ഡ് ചെയ്തിരുന്നു. കോഴിക്കോടും കണ്ണൂരുമായാണ് റെയ്ഡ് നടന്നത്


