കണ്ടക്ടറില്ലാതെ പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യ ബസിന്റെ ഓട്ടം മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. കണ്ടക്ടറില്ലാതെ ബസിന് ഓടാനാവില്ലെന്ന് വ്യക്തമാക്കിയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലക്കെന്നും ഇതോടെ സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകം ബസ് ഓട്ടം നിര്‍ത്തി എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലായിരുന്നു സംഭവം. ജില്ലയിലെ ആദ്യ സിഎന്‍ജി ബസാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അന്ന് സര്‍വീസ് നിര്‍ത്തിയത്.
കണ്ടക്ടറെ നിയമിച്ച ശേഷമേ സര്‍വീസ് നടത്താവു എന്ന് ബസ് ഉടമയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വിഷയത്തില്‍ ഇപ്പോള്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇടപ്പെട്ടിരിക്കുകയാണ്. കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തിയ പാലക്കാട്ടെ കാടന്‍കാവില്‍ ബസ്സ് സര്‍വീസിന് അനുമതി നിഷേധിച്ചതിനെതിരെ നിരവധി പരാതികളാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന നിയമ പ്രകാരം ടിക്കറ്റ് നല്കി സര്‍വീസ് നടത്തുമ്പോള്‍ കണ്ടക്ടര്‍ വേണമെന്നാണ് നിയമം. പക്ഷേ ഈ ബസ്സുടമ ടിക്കറ്റ് നല്‍കുന്നില്ല. യാത്രക്കാര്‍ പണപ്പെട്ടിയില്‍ പണം ഇടുകയാണ് ചെയുന്നത്. ടിക്കറ്റില്ലാത്ത ബസ് ആയതിനാല്‍ അത്തരം ബസുകള്‍ക്ക് കണ്ടക്ടര്‍ വേണമെന്നില്ല.
അതുകൊണ്ട് അവര്‍ക്ക് പെര്‍മിറ്റ് നല്കാന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. കണ്ടക്ടര്‍ ഇല്ലാതെ യാത്രക്കാരുടെ സത്യസന്ധതയെ മാനിച്ച് ബസില്‍ പണപ്പെട്ടി സ്ഥാപിച്ച് പൊതുജനങ്ങള്‍ക്ക് യാത്രക്ക് സൗകര്യം ഒരുക്കുകയാണ് ബസ്സുടമ ചെയ്തത്. മോട്ടോര്‍ വാഹന നിയമ പ്രകാരം ബസ് സര്‍വീസിന് കണ്ടക്ടര്‍ അനിവാര്യമായതിനാല്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കണ്ടക്ടറില്ലാതെ കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട് സ്വകാര്യ സിഎന്‍ജി ബസ് സര്‍വ്വീസ് ആരംഭിച്ചത്. യാത്രക്കാര്‍ ബസില്‍ സ്ഥാപിച്ച ബോക്സില്‍ യാത്രാ ചാര്‍ജ് നിക്ഷേപിച്ച് യാത്ര ചെയ്യാം.
പണമില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പണം അടച്ചാല്‍ മതി.മാതൃകാപരമായ ഒരു പുതിയ രീതി എന്ന നിലയിലും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സത്യസന്ധതയെ മാനിക്കുന്ന പുതിയ പരീക്ഷണം എന്ന നിലയിലും ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്വകാര്യബസ് മേഖലയുടെ പ്രതിസന്ധി മറികടക്കാന്‍ നടത്തിയ ഉടമ നടത്തിയ പരീക്ഷണം വൈറലായിരുന്നു.
വടക്കഞ്ചേരി സ്വദേശി തോമസ് മാത്യു ആണ് ഇന്ധന വില വര്‍ദ്ധനവിനെ മറി കടക്കാന്‍ പ്രകൃതി വാതകം ഇന്ധന മാക്കിയ ബസ് റോഡില്‍ ഇറക്കിയത്. ഡ്രൈവര്‍ മാത്രമായിരുന്നു കാടന്‍കാവില്‍ എന്നു പേരുള്ള ഈ ബസിലെ ജീവനക്കാരന്. വടക്കഞ്ചേരിയില്‍ നിന്ന് തുടങ്ങി നെല്ലിയാമ്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം വഴി ആലത്തൂര്‍വരെയും തിരിച്ചുമായിരുന്നു ഈ ബസിന്റെ റൂട്ട്. പണമില്ലാത്തവര്‍ക്കും യാത്ര ചെയ്യാനാകും എന്നും പുതിയ പരീക്ഷണത്തിന് യാത്രക്കാരില്‍ നിന്ന് പൂര്‍ണ പിന്തുണ കിട്ടിയതായും ബസ് ഉടമ നേരത്തെ പറഞ്ഞിരുന്നു.


