അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ കെഎം ഷാജിക്ക് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെവി സുമേഷാണ് ഷാജിയെ അട്ടിമറിച്ചത്. 5605 വോട്ടിനാണ് ഷാജിയുടെ തോല്‍വി. തുടര്‍ച്ചയായി രണ്ടു തവണ ഷാജി ജയിച്ച മണ്ഡലമാണിത്.
മുതിര്‍ന്ന നേതാവ് പി ജയരാജന് നേരിട്ടാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് കെവി സുമേഷ്. അഴീക്കോട്ട് കഴിഞ്ഞ തവണ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി ജയിച്ചിരുന്നത്.
തൃശൂരില്‍ ബിജെപിയെയും കോണ്‍ഗ്രസിനേയും ഫോട്ടോഫിനിഷില്‍ പിന്നിലാക്കി ഇടതു പക്ഷത്തിന് വിജയം. പി ബാലചന്ദ്രനാണ് മണ്ഡലത്തില്‍ വിജയം സ്വന്തമാക്കിയത്. വോട്ടെണ്ണലില്‍ ഒരു ഘട്ടം വരെ ലീഡെടുത്ത സുരേഷ് ഗോപിയേയും അവസാന നിമിഷം ലീഡിലേക്കെത്തിയ കോണ്‍ഗ്രസിന്റെ പദ്മജ വേണുഗോപാലിനെയും മറികടന്നാണ് ബാലചന്ദ്രന് വിജയം ഉറപ്പിച്ചത്. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


