പാലായിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് ജോസ് കെ മാണി. മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് അഭിനന്ദനവും ജോസ് കെ മാണി അറിയിച്ചു. പാലായില്‍ കേരള കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം ബിജെപി വോട്ട് കച്ചവടമാണെന്നാണ് ജോസിന്റെ ആരോപണം. കഴിഞ്ഞ ലോക്സഭയില്‍ 26800 ഓളം വോട്ട് ബിജെപിക്ക് ലഭിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24800 വോട്ടുകള്‍ ലഭിച്ചു. ഇപ്പോള്‍ കിട്ടിയത് 10466 വോട്ട് മാത്രമാണെന്ന് ജോസ് കെ മാണി ആരോപിച്ചു.
‘കേരള ചരിത്രം തിരുത്തിയെഴുതിയാണ്. തുടര്‍ ഭരണം ലഭിക്കുവാന്‍ കേരള കോണ്‍ഗ്രസിനും പങ്കുചേരാന്‍ കഴിഞ്ഞതില്‍ അഭിമാനം. പാലായില്‍ പരാജയപ്പെട്ടു. അംഗീകരിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അഭിനന്ദിക്കുന്നു. വോട്ട് കച്ചവടം നടന്നിട്ടുണ്ട്. കണക്കെടുത്ത് നോക്കിയാല്‍ കഴിഞ്ഞ ലോക്സഭയില്‍ 26800 ഓളം വോട്ട് ബിജെപിക്ക് ലഭിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24800 വോട്ടുകള്‍ ലഭിച്ചു. ഇപ്പോള്‍ കിട്ടിയത് 10466 വോട്ട് മാത്രമാണ്. ഇതില്‍ വ്യക്തമായ കച്ചവടം നടന്നിട്ടുണ്ട്. സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഇക്കാര്യം സൂചിപ്പിച്ചു. കേരള കോണ്‍ഗ്രസ് പാര്‍ട്ടി എടുത്ത രാഷ്ട്രീയ തീരുമാനം ശറിയാണ്. കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റും യുഡിഎഫിന് സ്വാധീനമുള്ള മേഖലയാണ്.’
പാലായില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി തോറ്റു. 11000 ല്‍പരം വോട്ടിനാണ് മാണി സി കാപ്പന് വിജയിച്ചത്. 11246 വോട്ടിനാണ് കാപ്പന്റെ വിജയം. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നാണ് പാല. സ്വന്തം പഞ്ചായത്തില്‍ പോലും ജോസ് കെ മാണി രണ്ടാം സ്ഥാനത്തായിരുന്നു.
ജോസ് കെ മാണിയെ പരാജയപ്പെടുത്തി വന്‍വിജയം നേടിയ മാണി സി കാപ്പന്റെ വിജയാഹ്ലാദം ആരംഭിച്ചു. ചങ്കാണ് പാല എന്ന് എഴുതിയ കേക്ക് മുറിച്ചുകൊണ്ടാണ് മാണി സി കാപ്പന്റെ വിജയാഹ്ലാദം ആരംഭിച്ചത്. നിലവില്‍ 11,246 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി കാപ്പനുള്ളത്.
പാലായില്‍ ജയം ഉറപ്പാണെന്ന് നേരത്തെ തന്നെ മാണി സി കാപ്പന് ഇന്നലെ വ്യക്തമാക്കിയിരുന്നു. 15000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലായില്‍ വിജയിക്കുമെന്നായിരുന്നു കാപ്പന്റെ പ്രഖ്യാപനം. പാലായില്‍ ഉറപ്പായും വിജയിക്കുമെന്ന ജോസ് കെ മാണിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കാപ്പന് രംഗത്തെത്തിയത്.


