ജനകീയ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയമായ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ കോഫി മെഷീന് സ്ഥാപിച്ച പൊലീസുകാരനെ സസ്പെന്റ് ചെയ്തു. മുമ്പ് വിവാദ നടപടികളെടുത്ത ഡി.സി.പി ഐശ്വര്യ ഡോങ്റെയാണ് സസ്പെന്ഷന് ഉത്തരവിറക്കിയത്. സിവില്‍ പൊലീസ് ഓഫീസര്‍ സി.പി രഘുവിനെയാണ് സസ്പെന്റ് ചെയ്തത്.
കോഫീ മെഷീന്റെ ഉദ്ഘാടനം ചെയ്തതിനും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനുമാണ് നടപടി. എന്നാല്‍ ഡി.സി.പി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ പരിപാടി നടത്തിയതിനാണ് സസ്പെന്റ് ചെയ്തതെന്നാണ് പൊലീസുകാരുടെ ഇടയിലെ സംസാരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സി.പി രഘു പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം.
ലോക്ഡൗണ്‍ കാലത്ത് ആഹാരം കഴിക്കാന്‍ ഗതിയില്ലാതെ തെരുവില്‍ കഴിഞ്ഞവര്‍ക്കും തെരുവ് നായകള്‍ക്കും ഭക്ഷണം നല്കി കളമശ്ശേരി പൊലീസ് ജനകീയ ഇടപെടല്‍ നടത്തിയിരുന്നു. പരാതിയും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തുന്നവര്‍ക്ക് ചായയും ബിസ്ക്കറ്റും തണുത്ത വെള്ളവും നല്കി പൊലീസ് സ്റ്റേഷന് ജനകീയമാക്കുന്ന പരിപാടികള്‍ കളമശ്ശേരി പൊലീസ് നടത്തിവരുകയാണ്.
എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഡി.സി.പി മഫ്തിയിലെത്തിയത് തിരിച്ചറിതെ തടഞ്ഞ വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ഡി.സി.പി നടപടി എടുത്തത് വിവാദമായിരുന്നു. മഫ്തിയിലെത്തിയ ഡി.സി.പിയോട് വിവരങ്ങള്‍ ചോദിച്ചതിനായിരുന്നു അന്ന് നടപടി എടുത്തത്. കോവിഡ് സാഹചര്യത്തില്‍ സ്റ്റേഷനിലെത്തുന്നവരോട് കാര്യങ്ങള്‍ തിരക്കാറുണ്ട്. പൊലീസ് ഉദ്യോഗസ്ഥ അതാണ് ചെയ്തത്. മഫ്സതിയിലായതിനാല് ഡി.സി.പിയെ തിരിച്ചറിഞ്ഞില്ലെന്ന് വിശദീകരണം നല്‍കിയിട്ടും നടപടി പിന്‍വലിച്ചില്ല. സംഭവം വിവാദമായതോടെ ഡി.സി.പിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ വാക്കാല്‍ താക്കീത് നല്‍കിയിരുന്നു.


