രാജ്യത്ത് കോവിഡ് കേസുകളില്‍ അതിവേഗ വര്‍ധന. പ്രതിദിന രോഗികള്‍ കാല് ലക്ഷം കടന്നു. ഒരാഴ്ചക്കിടെ നാലിരട്ടി വര്‍ധനയാണ് കേസുകളിലുണ്ടായത്. 24 മണിക്കൂറിനിടെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1500 കടന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1525 പേര്‍ക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 460 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗബാധ സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയേക്കാള്‍ വ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചത്തോടെ രാജ്യത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. രോഗികളെ നിരീക്ഷിക്കാന്‍ താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാനും ഗ്രാമീണ മേഖലയ്ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ഹ്രസ്വകാലം നീണ്ടു നില്ക്കുന്ന കോവിഡ് തരംഗം ഇന്ത്യയില്‍ ഉടനെ തന്നെ ഉണ്ടായേക്കാമെന്ന കേംബ്രിജ് സര്‍വകലാശാല വികസിപ്പിച്ച കൊറോണ വൈറസ് ട്രാക്കര്‍ പ്രവചിച്ചിരുന്നു. മേയ് മാസത്തില്‍ ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നും ഈ ട്രാക്കര്‍ സംവിധാനം കൃത്യമായി പ്രവചിച്ചിരുന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ സ്ഫോടനാത്മക വളര്‍ച്ചയുണ്ടാകുമെന്നും എന്നാല്‍ അതിതീവ്ര വളര്‍ച്ചയുടെ ഘട്ടം ഹ്രസ്വമായിരിക്കുമെന്നും കേംബ്രിജ് സര്‍വകലാശാലയിലെ ജഡ്ജ് ബിസിനസ്സ് സ്കൂള്‍ പ്രഫസര്‍ പോള്‍ കട്ടുമാന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, മിക്കവാറും ഈ ആഴ്ചയ്ക്കുള്ളില്‍ തന്നെ പുതിയ അണുബാധകളുടെ എണ്ണം ഉയരാന്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9170 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ 51 ശതമാനത്തിന്റെ വര്‍ധന.
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍, ഹരിയാന, തെലങ്കാന സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബംഗാളില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. 4,512 പേര്‍ക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്.