കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം കോട്ടയം ജില്ലയില്‍ മുന്നണിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നു. ജില്ലയില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ഏറ്റുമാനൂരും പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ എന്‍സിപിയുടെ മാണി സി കാപ്പനും തയാറല്ല. ഈ സീറ്റുകള്‍ക്കായി ജോസ് വിഭാഗം പിടിമുറുക്കി കഴിഞ്ഞു.
കോട്ടയത്തിനു പുറമേ അലപ്പുഴ, കോഴിക്കോട് ജില്ലകളിലും മുന്നണിയില്‍ അസ്വസ്ഥത പുകയുകയാണ്. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന സീറ്റുകള്‍ അവര്‍ക്കു വിട്ടുകൊടുക്കാനാണ് സിപിഎമ്മിലെ ആലോചന. എന്നാല്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ഏറ്റുമാനൂര്‍ അവര്‍ ഒഴിയാനും തയാറല്ല.
കേരള കോണ്‍ഗ്രസും എന്‍സിപിയും ഒരു പോലെ പിടിവലി ഉണ്ടാക്കുന്ന പാലായിലാണ് ഉടക്ക് രൂക്ഷം. പാലാ തങ്ങള്‍ക്കു വികാരമാണെന്നും ഈ സീറ്റില്‍ താന്‍ തന്നെ മത്സരിക്കുമെന്നുമാണ് ജോസ് കെ. മാണി സിപിഎമ്മിനെ ധരിപ്പിച്ചിരിക്കുന്നത്. രാജ്യസഭാംഗത്വം രാജി വയ്ക്കാനും സീറ്റ് സിപിഎമ്മിനു വിട്ടുകൊടുക്കാമെന്നുമാണ് ജോസിന്റെ ഫോര്‍മുല. രാജ്യസഭയിലേക്ക് ഒരു അംഗത്തെ അയയ്ക്കാമെന്ന ന്യായം പറഞ്ഞ് സിപിഎം ജോസ് പക്ഷത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം ജോസ് കെ മാണി പക്ഷം യുഡിഎഫ് വിട്ടതോടെ ഇവിടെ കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിനാവും യുഡിഎഫ് സീറ്റ് അനുവദിക്കുക. എന്നാല്‍ പാലായില്‍ തങ്ങള്‍ മത്സരിക്കുന്നില്ലെന്നും സീറ്റ് എന്‍സിപിയുടെ ടിക്കറ്റില്‍ തന്നെ മാണി സി കാപ്പന് വിട്ടുകൊടുക്കാമെന്നും പിജെ ജോസഫ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം മാണി സി കാപ്പനോടും വിശദമാക്കി. എന്‍സിപി പിളര്‍ന്നാല്‍ മാണി സി കാപ്പന് പക്ഷം കോണ്‍ഗ്രസിലേക്ക് ചേക്കേറും. എന്നല്‍ എകെ ശശീന്ദ്രന് പക്ഷം സിപിഎമ്മില്‍ തുടരുമെന്നാണ് സൂചന.
ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ പ്രൊഫ. എന്‍. ജയരാജിന്റെ കാഞ്ഞിരപ്പള്ളി സീറ്റും അവര്‍ക്കു തന്നെ വിട്ടു കൊടുക്കും. ഈ സീറ്റില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നു പറഞ്ഞ സിപിഐ ഇപ്പോള്‍ അല്പം അയഞ്ഞിട്ടുണ്ട്. പി.സി. ജോര്‍ജിന്റെ തട്ടകമായ പൂഞ്ഞാറിലേക്കാവും സിപിഐ മത്സരിക്കുക. ജില്ലാ നേതൃത്വം കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് രംഗം തണുപ്പിക്കുമെന്നാണ് സിപിഎം പറയുന്നത്.
പാലാ മാത്രമല്ല, കുട്ടനാട് സീറ്റും എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം മത്സരിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. ഇതും എന്‍സിപിയെ ചൊടിപ്പിക്കുന്നു. പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്ററുടെ നേതൃത്വത്തില്‍ മാണി സി കാപ്പനാണ് ഇപ്പോള്‍ ഇടതുമുന്നണിയില്‍ സിപിഎമ്മിനെതിരേ പട നയിക്കുന്നത്. ഫലം കണ്ടില്ലെങ്കില്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനും മാണി സി. കാപ്പനും അടക്കമുള്ള വിഭാഗം യുഡിഎഫില്‍ ചേരും. ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ഇതിന് ചുക്കാന്‍ പിടിച്ചത് മുന്‍ എന്‍സിപിക്കാരനായ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ആണെന്നതും ശ്രദ്ധേയം. ടി.പി. പീതാംബരനും മാണി സി. കാപ്പനുമായി ചര്‍ച്ച നടത്തി. മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. വിട്ടുവീഴ്ചയില്ലാതെ മാണി.സി കാപ്പന് മുന്നോട്ടുപോകുന്നത് ഇതിന്റെ സൂചനയാണ്. പാലാ വിട്ടുകൊടുക്കില്ലെന്ന ഉറച്ച് നിലപാടിലാണ് അദ്ദേഹം. വഴിയേ പോകുന്നവര്‍ക്ക് സീറ്റ് വിട്ടുനല്‍കാനാവില്ല. തോറ്റ സീറ്റ് എങ്ങനെ ചോദിക്കും. ഇപ്പോള്‍ ഇടതുമുന്നണിയിലാണെന്നും മാണി സി. കാപ്പന് പറഞ്ഞു. മുന്നണി മാറി വന്നാല്‍ പാലായും കുട്ടനാടുമടക്കം അഞ്ച് സീറ്റ് വരെ യുഡിഎഫില്‍ ലഭിക്കുമെന്നാണ് മാണി സി കാപ്പനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള മറുവിഭാഗം ഇടതുമുന്നണിയില്‍ തുടരും എന്നാണ് സൂചന. എന്‍.സി.പി ഇടതുമുന്നണി വിടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും വ്യക്തമാക്കി. എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കുന്ന ഒരുനിലപാടും എന്‍സിപി എടുക്കില്ല. ഏതു മുന്നണിയിലും ഒരു പാര്‍ട്ടി വന്നാല്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.