മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ യുഡിഎഫ് പരിപാടികള്‍ ഒന്നടങ്കം ബഹിഷ്കരിക്കുമെന്ന് മര്‍ച്ചന്‍സ് അസോസിയേഷന് ഭാരവാഹികള്‍. മുനിസിപ്പല്‍ കെട്ടിടങ്ങളിലെ വാടക മുറികള്‍ക്ക് അന്യായമായി വര്‍ദ്ധിപ്പിച്ച വാടകക്കെതിരെ മൂവാറ്റുപുഴയിലെ വ്യാപാരി സമൂഹം ഒന്നാകെ നടത്തിയ സമരത്തിന് മുനിസിപ്പല്‍ അധികാരികള്‍ അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണ തീരുമനം.
മുനിസിപ്പാലിറ്റി ഭരിക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ വ്യാപാരി സമൂഹത്തോടുള്ള അവഗണനക്കെതിരെ പലവട്ടം കെപിസിസി – ഡിസിസി പ്രസിഡന്റുമാര്‍ക്കും എംഎല്‍എ അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മുനിസിപ്പല്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെയാണ് ബഹിഷ്കരണ തീരുമനമെന്നും പ്രസിഡന്റ് അജ്മല്ചക്കുങ്ങല് പറഞ്ഞു. വരുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ മണ്ഡലങ്ങളിലേക്ക് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചതായി അദ്ധേഹം പറഞ്ഞു.
അന്യായമായ വാടക വര്‍ദ്ധനവിനെതിരെ 2023 ഫെബ്രുവരി മാസം കേരള ഹൈക്കോടതിയെ സമീപിച്ച് വര്‍ധിപ്പിച്ച വാടകയ്ക്ക് സ്റ്റേ വാങ്ങുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരം മുനിസിപ്പല്‍ അധികാരികള്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്തപ്പോള്‍ പിഡബ്ല്യുഡി റേറ്റ് പ്രകാരമുള്ള വാടക നല്‍കുന്നതിന് വ്യാപാരികള്‍ സന്നദ്ധമാണെന്നും, ആയത് കണക്ക് കൂട്ടുന്നതിന് മുന്‍സിപ്പാലിറ്റി എടുത്തിരിക്കുന്ന മാനദണ്ഡം വാടകക്കാരെ അറിയിക്കണമെന്നും അറിയിച്ച. എന്നാല്‍ മൂവാറ്റുപുഴ മുനിസിപ്പാലിറ്റി തങ്ങള്‍ക്ക് പറ്റിയ വീഴ്ചകള്‍ മറച്ചുവയ്ക്കുന്നതിന് 6 കോടി രൂപയ്ക്ക് മുകളില്‍ വ്യാപാരികളില്‍ നിന്ന് വാടക സെക്യൂരിറ്റി ആയി വാങ്ങിയിരിക്കുന്നതിന് പുറമേ ഫെയര്‍ വാല്യു എന്ന പുതിയ നാമകരണം നല്കി വ്യാപാരികളെ പിഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനെതിരെ മുന്‍കാലങ്ങളിലെ പോലെ രാപ്പകല്‍ സമരം, വ്യാപാര ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്താാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
വ്യാപാരികള്‍ക്ക് നല്‍കിയിട്ടുള്ള നോട്ടീസിന് നല്‍കിയിരിക്കുന്ന മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്ന വ്യവസ്ഥകള്‍ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച ചെയ്യാതെ, 2023 നവംബര്‍ 30ന് കൂടിയ കൗണ്‍സില്‍ യോഗം ഏകപക്ഷീയമായി വാടക വര്‍ദ്ധിപ്പിക്കുന്നതിന് വീണ്ടും തീരുമാനിച്ചിരിക്കുകയാണ്. ലക്ഷ്യം കാണുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്ന് മര്‍ച്ചന്‍സ് അസോസിയേഷന് പ്രസിഡണ്ട് അജ്മല്‍ ചക്കുങ്കല്‍, ജനറല്‍ സെക്രട്ടറി കെ എ ഗോപകുമാര്‍, ട്രഷറര്‍ കെ എം ഷംസുദ്ദീന് എന്നിവര്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികളായ പി യു ഷംസുദ്ധീന്, ബോബി നെല്ലിക്കല്‍, എല്‍ദോസ് പാലപ്പുറം എന്നിവരും പങ്കെടുത്തു.