നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. സഫാരി പാര്‍ക്കില്‍ തന്നെയായിരുന്നു കടുവ. മണിക്കൂറുകള്‍ നിരീക്ഷിച്ച ശേഷമാണ് കടുവയ്ക്ക് വെടിവച്ചത്. പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. വയനാട് നിന്നും സഫാരി പാര്‍ക്കില്‍ എത്തിച്ച 10 വയസ്സുള്ള കടുവയാണ് ഇന്നലെ ഉച്ചയോടാണ് കൂട്ടില്‍ നിന്നും രക്ഷപെട്ടത്. ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ചു മുകളില്‍ കയറിയായിരുന്നു കടുവ രക്ഷപെട്ടത്.
കടുവയെ പിടികൂടാന്‍ വയനാട്ടില്‍ നിന്നുള്ള മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ എത്തിയിരുന്നു. വനപാലകര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ വൈകീട്ടോടെ പാര്‍ക്കിന്റെ പിന്‍വശത്തായി കടുവയെ കണ്ടെത്തി. എന്നാല്‍ മയക്കുവെടി വയ്ക്കാനായി പാര്‍ക്കിലേക്ക് പോയ സംഘത്തിന് പിന്നീട് കടുവയെ കണ്ടെത്താനായില്ല. മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമാണ് കടുവയെ പിടികൂടാനായത്.
അതേസമയം ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നത്തില്‍ വ്യക്തത ആയിട്ടില്ല. ഇതുസംബന്ധിച്ച് വിശദമായി പരിശോധിക്കും എന്നാണ് വനംവകുപ്പിന്റെ വിശദീകരണം.


