അഞ്ചാം തലമുറ ടെലികോം സേവനങ്ങള്‍ക്ക് രാജ്യത്ത് ഔദ്യോഗിക തുടക്കം. ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ അഞ്ചാം പതിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ക്കു നാന്ദി കുറിച്ചത്. ആദ്യഘട്ടത്തില്‍ 13 ഇന്ത്യന്‍ നഗരങ്ങളിലാകും സേവനം ലഭ്യമാകുക. കേരളത്തില്‍ അടുത്ത വര്‍ഷമേ 5ജി സേവനം ലഭ്യമാകൂ.
ന്യൂഡല്‍ഹി, ജാംനഗര്‍, ചണ്ഡിഗഢ്, ചെന്നൈ, കൊല്‍ക്കത്ത, ഗുരുഗ്രാം, പൂനെ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യം 5ജി എത്തുന്നത്.
ഈ വര്‍ഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉള്‍പ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികള്‍ക്ക് ഉള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗര പ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്വര്‍ക്ക് ദാതാക്കള്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ നഗരങ്ങളിലും 5ജി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. 2024 മാര്‍ച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും. ദീപാവലിയോടെ മെട്രോകളില്‍ 5ഏ സേവനങ്ങള്‍ ലഭ്യമാക്കും.
കേരളത്തില്‍ ഉള്‍പ്പെടെ 5ജി അടുത്തവര്‍ഷം ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അനുകൂല അന്തരീക്ഷം മുതലെടുക്കാന്‍ കേരളത്തിലെ സാഹചര്യങ്ങളില്‍ മാറ്റം വേണം. സേവനങ്ങള്‍ മത്സരാധിഷ്ഠിതമാകുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും. ഭൂരിഭാഗവും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
തുടക്കത്തില്‍ താരിഫില്‍ മാറ്റമുണ്ടാകില്ല. 4ജിയുടെ താരിഫില്‍ തന്നെയാകും 5ജി സേവനവും ലഭിക്കുക. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, ശതകോടീശ്വരന്മാരായ റിലയന്‍സ് ജിയോയുടെ മുകേഷ് അംബാനി, എയര്‍ടെല്ലിന്റെ സുനില്‍ ഭാരതി, വൊഡാഫോണ്‍ ഐഡിയയുടെ കുമാര്‍ മംഗളം ബിര്‍ള എന്നിവരെല്ലാം ചടങ്ങില്‍ സംബന്ധിച്ചിരുന്നു.


