തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വി ഭാസ്കരനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ചില തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീണ്ടു പോകുകയായിരുന്നു. ആഗസ്റ്റ് 12ന് വോട്ടര്‍ പട്ടികയുടെ കരട് രൂപം പ്രസിദ്ധീകരിച്ചിരുന്നു.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കി ജനുവരിയില്‍ ആദ്യ കരടുപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്മേലുള്ള ആക്ഷേപങ്ങള്‍ സ്വീകരിച്ച് പുതിയ വോട്ടര്‍മാരുടെ പേര് കൂട്ടിച്ചേര്‍ക്കുകയും മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്ന് ആഗസ്ത് 12ന് പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതിലും മാറ്റം വരുത്തിയാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. നവംബറിലാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുന്നത്.
എന്നാല്‍, കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.


