ഇന്നലെ അന്തരിച്ച, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതികദേഹം ഡല്‍ഹി രാജാജി മാര്‍ഗിലെ പത്താംനമ്പര്‍ ഔദ്യോഗികവസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ല, എന്നിവര്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി. പന്ത്രണ്ടുമണിവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭൗതികദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. രണ്ടുമണിക്ക് ലോധിറോഡ് ശ്മശാനത്തിലാണ് സംസ്കാരം.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായരിലൊരാളെയാണ് പ്രണബ് മുഖര്‍ജിയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്. പശ്ചിമബംഗാളില്‍ നിന്ന് രാഷ്ട്രപതിപദത്തിലെത്തിയ ആദ്യ വ്യക്തിയായ പ്രണബ് മുഖര്‍ജി അനിതരസാധാരണ ഓര്മശക്തിയുള്ള രാഷ്ട്രീയക്കാരനായിരുന്നു. പഠനം പോലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അടുക്കുംചിട്ടയും വേണമെന്ന് നിഷ്കര്‍ഷിച്ചു. രാഷ്ട്രീയചരിത്രമായാലും പാര്‍ലമെന്റ് നടപടിക്രമങ്ങളായാലും ഓര്‍മയുടെ കാര്യത്തില്‍ സഹപ്രവര്‍ത്തകരെക്കാള്‍ പ്രണബ് ദാ എപ്പോഴും ഒരുപടി മുന്നിലായിരുന്നു. ധനകാര്യത്തിലും വിദേശകാര്യത്തിലും അഗ്രഗണ്യന്‍. കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.
2004ല്‍ യു.പി.എ. അധികാരത്തിലേറിയതുമുതല്‍ രാഷ്ട്രപതിസ്ഥാനാര്ഥിയാകും വരെ കോണ്‍ഗ്രസിന്റെ ലോക്സഭാകക്ഷി നേതാവായിരുന്നു പ്രണബ് മുഖര്‍ജി. ഒന്നാം യു.പി.എ. സര്‍ക്കാരില്‍ പ്രതിരോധ, വിദേശകാര്യവകുപ്പുകള്‍ കൈകാര്യംചെയ്ത പ്രണബ് ദായ്ക്ക് രണ്ടാം യു.പി.എ. സര്‍ക്കാരില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയായിരുന്നു.
ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നെങ്കിലും രാജീവ് ഗാന്ധിയുമായി അകന്നു. രാജീവുമായുള്ള അഭിപ്രായവ്യത്യാസത്തെതുടര്‍ന്ന് 1986ല്‍ രാഷ്ട്രീയ സമാജ്വാദി കോണ്‍ഗ്രസ് രൂപവല്‍ക്കരിച്ചു. 89ല്‍ പിണക്കമെല്ലാം പരിഹരിച്ച് വീണ്ടും കോണ്‍ഗ്രസില്‍. 1969ല്‍ 34ാം വയസില്‍ ആദ്യമായി രാജ്യസഭാംഗമായി. 1973ല്‍ ഇന്ദിരാഗാന്ധിമന്ത്രിസഭയില് അംഗം.
1975, 1981, 1993, 1999 വര്‍ഷങ്ങളില്‍ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ആസൂത്രണകമ്മിഷന് ഉപാധ്യക്ഷനായി. ഇടതുനേതാക്കളുമായി അടക്കം രാഷ്ട്രീയത്തിനതീതമായ സുഹൃദ്ബന്ധം പ്രണബ് ദായ്ക്കുണ്ടായിരുന്നു. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിയെ 2019ല്‍ രാഷ്ട്രം ഭാരത രത്നം നല്കി ആദരിച്ചു.


