മുഖ്യമന്ത്രി പിണറായി വിജയന് എകെജി സെന്ററിലെത്തി. ആക്രമണം ഉണ്ടായതിനു ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി എകെജി സെന്ററിലെത്തുന്നത്. മന്ത്രിമാരായ ജിആര്‍ അനില്‍, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാകേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്നിവരൊക്കെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മഹാനായ എകെജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ എല്‍.ഡി.എഫിനെതിരായ ആസൂത്രിത ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. പാര്‍ട്ടി ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കാന്‍ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോള്‍ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സമാധാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നടത്തിയ ആക്രമണമാവാം എകെജി സെന്ററിന് നേരെയുണ്ടായതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു. പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ. അപലപനീയമായ സംഭവമാണിത്. തൃക്കാക്കര തെരഞ്ഞെടുപ്പു മുതല്‍ കോണ്‍ഗ്രസ്- ബിജെപി രഹസ്യ സഖ്യമുണ്ട്. ഏത് പാര്‍ട്ടി ഓഫീസിന് നേരെയുള്ള അക്രമവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എകെജി സെന്ററില്‍ ബോംബെറിഞ്ഞതിന് പിന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണെന്ന ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് രംഗത്തെത്തി. രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് ഇപി ജയരാജന് ഇത് ചെയ്തത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണ്. സിപിഐഎം ആണ് ഇതിന് പിന്നിലെന്ന് പോലും ഞാന്‍ പറയുന്നില്ല. ഇപി മാത്രമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.


