സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ സമ്മാനമെന്ന രീതിയില്‍ എറണാകുളം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് നവീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാക്കി മാറ്റുമെന്നും ഇതിനായി സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്ന സ്ഥലം ഹബ്ബിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. മറൈന്‍ഡ്രൈവില്‍ ആരംഭിച്ച എന്റെ കേരളം മെഗാ എക്സിബിഷന്റെ സംസ്ഥാന തല ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന് ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി എട്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. നമ്മളെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ സന്ദര്‍ഭമാണിത്. സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പശ്ചാത്തല വികസനത്തിന്റെയും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും ലക്ഷ്യമിട്ടുകൊണ്ടായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഇതിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലയെ സംബന്ധിച്ചിടത്തോളം ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായ രണ്ടു വര്‍ഷങ്ങളാണ് കടന്നുപോയത്. ജില്ലയില്‍ 2447 കുടുംബങ്ങള്‍ക്ക് ഇതിനോടകം പട്ടയം നല്കി. കാലവര്‍ഷമെന്ന് കേള്‍ക്കുമ്പോള്‍ വര്‍ഷങ്ങളായി എറണാകുളത്തിന്റെ ഉറക്കം കെടുത്തിയിരുന്ന മേഖലയായിരുന്നു ചെല്ലാനം. 343 കോടി രൂപയുടെ തീര സംരക്ഷണ പദ്ധതി നിര്‍മ്മിച്ചതോടെ ചെല്ലാനത്തെ ജനങ്ങള്‍ക്ക് അവരവരുടെ വീടുകളില്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ കഴിയുന്ന സ്ഥിതിയിലേക്കെത്തിച്ചു. 95 ശതമാനം പൂര്‍ത്തിയായ പദ്ധതി പൂര്‍ണ്ണമാകുന്നതോടെ ടൂറിസത്തിന് കൂടി സഹായകമാകുന്ന ഒരു മേഖലയായി ചെല്ലാനം മാറും.
കൊച്ചി മെട്രോയെ സംബന്ധിച്ച് പലരും ആശങ്കകള്‍ പങ്കുവെച്ചിരുന്നെങ്കിലും തൃപ്പൂണിത്തുറയിലേക്ക് സര്‍വീസ് നീട്ടാനായി. 1957 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയോടെ കാക്കനാട്ടേക്കുള്ള അടുത്തഘട്ടത്തിന്റെ നിര്‍മ്മാണവും ആരംഭിച്ചു. 10 ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടര്‍ മെട്രോ പദ്ധതിയില്‍ 78 ബോട്ടുകളും ജെട്ടി ഉള്‍പ്പെടെയുള്ളവയും തയ്യാറാക്കി ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ്.
1170 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്ക് നിര്‍മ്മാണം അതിവേഗത്തിലാണ്. കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിയുടെ രണ്ടാംഘട്ടമായി നിര്‍മിക്കാന്‍ പരിഗണിച്ചിരുന്ന ഗിഫ്റ്റ് സിറ്റി പദ്ധതി ഒന്നാം ഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇതിനായി 850 കോടി രൂപയുടെ ഭരണാനുമതി പുതുക്കി നല്കി. കാക്കനാട് 10 ഏക്കര്‍ വിസ്തൃതിയില്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററിന്റെ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്.
ലോകോത്തര ഐ.ടി സ്ഥാപനങ്ങളായ ഐ.ബി.എം, കോഗ്നിസന്റ് എന്നിവ ഉള്‍പ്പടെ ലോകത്തിലെ ഒട്ടുമിക്ക ഐ.ടി. കമ്പനികളും ഇന്ന് കേരളത്തിലുണ്ട്. ടി.സി.എസിന്റെ 36 കോടി രൂപയുടെ ക്യാമ്പസ് കാക്കനാട് നിര്‍മ്മാണം ആരംഭിക്കാനിരിക്കുകയാണ്. ഇന്‍ഫോപാര്‍ക്കിന്റെ മൂന്ന് നിലകളിലായി വികസനവും പുരോഗമിക്കുകയാണ്. കുസാറ്റില്‍ 200 കോടി രൂപയുടെ സയന്‍സ് പാര്‍ക്ക് നിര്‍മ്മാണത്തിനൊരുങ്ങുന്നു.
ഇന്ത്യയിലെ തന്നെ ആദ്യത്തെ ബിസിനസ് ടെര്‍മിനല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിച്ചു. ആലുവ തുരുത്തിലെ ഫാമിനെ രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമാക്കി മാറ്റി. ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരംഭിച്ച 14,137 സംരംഭങ്ങള്‍ വഴി 1,176 കോടി രൂപയുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.


