28 വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണക്കോടതി വിധി പറയുന്നത്. ലക്നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിംഗ്, വിനയ് കട്ടിയാര്‍, സാക്ഷി മഹാരാജ് തുടങ്ങിവര്‍ പ്രതികളായ കേസിലാണ് നീണ്ട 27 വര്‍ഷത്തിന് ശേഷം കോടതി വിധി പുറപ്പെടുവിക്കുന്നത്. കേസിന്റെ നാള്‍വഴിയിലൂടെ…
1992 ഡിസംബര്‍ ആറ് ..അന്നാണ് ഇന്ത്യന്‍ മതേതരത്വത്തിന് തീരാകളങ്കമായി അയോധ്യയിലെ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. തുടര്‍ന്ന് രാജ്യത്താകമാനമുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ടായിരത്തിലധികം പേര് കൊല്ലപ്പെട്ടു.
നിലവില്‍ 32 പ്രതികളാണ് കേസില്‍ ഉള്ളത്. അന്നത്തെ പ്രധാന ബിജെപി നേതാക്കളായിരുന്ന മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, മുന്‍ കേന്ദ്ര മന്ത്രിമാരായ മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ്, വിനയ് കട്ടിയാര്‍, സാക്ഷി മഹാരാജ് എന്നിവരടക്കം 32 പേരാണ് പ്രതികള്‍.
1990 സെപ്തംബര്‍ 25ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് എല്‍ കെ അദ്വാനി ആരംഭിച്ച രഥയാത്രയാണ് ഒടുക്കം മസ്ജിദിന്റെ തകര്‍ക്കലിലേക്ക് നയിച്ചത്. കര്‍സേവകര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ നിന്നും അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് പൊലീസിനെ വിലക്കിയെന്നാണ് ആരോപണം.
1993 ഒക്ടോബര്‍ അഞ്ചിനാണ് കേസില്‍ സിബിഐ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചത്. 49 പേരാണ് പ്രതിപട്ടികയിലുണ്ടായിരുന്നത്. അതില്‍ 17 പേര് മരിച്ചു. 600 രേഖകള്‍ തെളിവായി സമര്‍പ്പിച്ച കേസില്‍ 351 സാക്ഷികളെ വിസ്തരിച്ചു. 1997ല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി വിചാരണ തുടങ്ങാനിരിക്കെയാണ് സാങ്കേതിക പിഴവുകളുടെ പേരില്‍ കേസ് നിയമക്കുരുക്കിലാകുന്നത്. വിചാരണ വൈകിക്കാന്‍ യു.പി സര്‍ക്കാര്‍ ബോധപൂര്‍വം ഇടപെട്ടു. ഒടുവില്‍ പരമോന്നത കോടതിയുടെ ഇടപെടലാണ് കാല്‍നൂറ്റാണ്ടിന് ശേഷമെങ്കിലും വിചാരണ തുടങ്ങുന്നതിലേക്ക് നയിച്ചത്.
എല്‍ കെ അദ്വാനി അടക്കമുള്ളവര്‍ക്കുമെതിരായ ഗൂഢാലോചന കുറ്റം വിചാരണ കോടതി 2001 ല്‍ ഒഴിവാക്കിയത്, 2010ല്‍ അലഹാബാദ് ഹൈക്കോടതി ശരിവെച്ചെങ്കിലും, 2017ല്‍ സുപ്രീം കോടതി പുനഃസ്ഥാപിച്ചത് കേസിന്റെ നാള്‍വഴിയിലെ പ്രധാന വഴിത്തിരിവാണ്. റായ്ബറേലി കോടതി പരിഗണിച്ചിരുന്ന ഗൂഢാലോചനക്കേസ്, മസ്ജിദ് കേസിനൊപ്പം ചേര്‍ത്ത് ലക്നൗ സിബിഐ കോടതിയിലേക്ക് മാറ്റിയതും 2017 ഏപ്രില്‍ 19ന് സുപ്രിംകോടതിയാണ്. ബാബരി മസ്ജിദ് പൊളിച്ചത് നിയമവാഴ്ചയുടെ കടുത്ത ലംഘനമാണെന്നാണ് കഴിഞ്ഞ വര്‍ഷം അയോധ്യ ഭൂമി തര്‍ക്കകേസില്‍ അന്തിമ വിധി പറയുന്നതിനിടയില്‍ സുപ്രിംകോടതി പറഞ്ഞത്.
വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ പലതവണ സുപ്രിംകോടതിയോട് സമയം നീട്ടിവാങ്ങിയ സിബിഐ സ്പെഷല്‍ ജഡ്ജി സുരേന്ദ്രകുമാര്‍ യാദവിന്റെ വിധി പ്രസ്താവനത്തിനായി രാജ്യം കാതോര്‍ത്തിരിക്കുകയാണ്.


