പ്രധാനമന്ത്രി മന്‍കി ബാത്തില്‍ പ്രതിരോധ മേഖലയെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. സ്വാതന്ത്ര്യ ത്തിനുമുമ്പ്, പ്രതിരോധ മേഖലയില്‍, നമ്മുടെ രാജ്യം ലോകത്തിലെ മറ്റു പല രാജ്യങ്ങളെക്കാളും മുന്നിലായിരുന്നുവെന്നും ധാരാളം ഓര്‍ഡനന്‍സ് ഫാക്ടറികള്‍ ഉണ്ടായിരുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. അന്ന് പിന്നിലായിരുന്ന പല രാജ്യങ്ങളും ഇപ്പോള്‍ നമ്മളെക്കാള്‍ മുന്നിലാണ്. സ്വാതന്ത്ര്യാനന്തരം, പ്രതിരോധ മേഖലയില്‍ കൂടുതല്‍ മുന്നേറുന്നതിന് ശ്രമങ്ങള്‍ നടത്തേണ്ടതായിരുന്നുവെങ്കിലും അത് ചെയ്തില്ലെന്നും എന്നാല്‍ ഇന്ന്, പ്രതിരോധ, സാങ്കേതിക മേഖലകളില്‍ മുന്നേറാന്‍ ഇന്ത്യ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും സ്വാശ്രയത്വത്തിലേക്ക് മുന്നേറുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഈ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ 18 ഓര്‍ഡനന്‍സ് ഫാക്ടറികള്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ബ്രിട്ടീഷ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ആയുധങ്ങള്‍, തോക്കുകള്‍, വെടിമരുന്ന് തുടങ്ങിയവ നിര്‍മ്മിച്ചിരുന്നത്.
സ്വാതന്ത്ര്യാനന്തരം, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന് പ്രതിരോധമേഖലയില്‍ സ്വാശ്രയത്വം നേടുന്നതിനെക്കുറിച്ചും പ്രതിരോധ ഉല്പാദനത്തിന്റെ തദ്ദേശീയവല്ക്കരണത്തെക്കുറിച്ചും ഒരു കാഴ്ചപ്പാടും ദൗത്യവുമുണ്ടായിരുന്നു. തല്‍ഫലമായി, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളായ എച്ച്എഎല്‍, ബെല്‍, ബിഡിഎല്‍, ബിഇഎംഎല്‍ തുടങ്ങിയവ സ്ഥാപിച്ചു. ഇന്ന് 41 ഓര്‍ഡനന്‍സ് ഫാക്ടറികളുണ്ട്, അവയില്‍ 23 എണ്ണം സ്വാതന്ത്ര്യാനന്തരം സ്ഥാപിതമായതാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഒരു ഓര്‍ഡനന്‍സ് ഫാക്ടറി പോലും ബിജെപി സര്‍ക്കാര്‍ സ്ഥാപിച്ചിട്ടില്ല. യുഎസ്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി തുടങ്ങി പല വികസിത രാജ്യങ്ങളും നമ്മുടെ രാജ്യത്തിന് പ്രതിരോധ സാങ്കേതികവിദ്യ നല്കാന് വിസമ്മതിച്ചപ്പോള്‍, പഴയ സോഷ്യലിസ്റ്റ് രാജ്യങ്ങളാണ് – പ്രത്യേകിച്ചും അന്നത്തെ സോവിയറ്റ് യൂണിയന് – ഇന്ത്യയ്ക്ക് സഹായം നല്‍കുകയും സാങ്കേതികവിദ്യ നല്‍കുകയും ചെയ്തത്. റഷ്യന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നമ്മുടെ രാജ്യത്ത് യുദ്ധ ടാങ്കുകള്‍ നിര്‍മ്മിച്ചത്.
ഇന്ന് നമ്മുടെ ഓര്‍ഡനന്‍സ് ഫാക്ടറികള്‍ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങള്‍, വെടിമരുന്ന്, തോക്കുകള്‍, പടക്കോപ്പുകള്‍, സുരക്ഷാ വസ്ത്രങ്ങള്‍, യുദ്ധഭൂമിയില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, കൂടാരങ്ങള്‍, പാരച്യൂട്ടുകള്‍ തുടങ്ങിയവ ഇന്ത്യന്‍ സായുധ സേനയ്ക്കായി നിര്‍മ്മിക്കുന്നുണ്ട്. ഓര്‍ഡനന്‍സ് ഫാക്ടറികളും പൊതുമേഖലാ സ്ഥാപനങ്ങളും നിര്‍മ്മിക്കുന്ന ആയുധങ്ങള്‍, വെടിമരുന്ന്, മറ്റ് ഉപകരണങ്ങള്‍ എന്നിവ കൊണ്ട് സജ്ജമാണിപ്പോള്‍ ഇന്ത്യ. അതുകൊണ്ട് ഓര്‍ഡനന്‍സ് ഫാക്ടറികളുടെ സംഭാവനയെ പ്രധാനമന്ത്രിക്ക് ചെറുതാക്കാന്‍ സാധിക്കില്ല. കോവിഡ് 19 ന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിന് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യജീവനക്കാര്‍ക്കും ആവശ്യമായ വിവിധ തരം വ്യക്തി സുരക്ഷാ ഉപകരണങ്ങളും ഓര്‍ഡനന്‍സ് ഫാക്ടറികള്‍ നിര്‍മ്മിക്കുന്നുണ്ട്. പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിന് ഓര്‍ഡിനന്‍സ് ഫാക്ടറികളെയും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നമ്മുടെ തദ്ദേശീയ പ്രതിരോധ വ്യവസായത്തെ ദുര്‍ബലപ്പെടുത്തരുതെന്നും ഡി രാജ ആവശ്യപ്പെട്ടു.


