ലക്നൗ: ‘ജയ് ശ്രീറാം’ വിളിച്ചില്ല എന്നാരോപിച്ച് മുസ്ലിം കൗമാരക്കാരന്റെ ദേഹത്ത് തീകൊളുത്തിയെന്ന് ആരോപണം. ഉത്തര്‍ പ്രദേശിലെ ചന്ദൗലിയിലാണ് സംഭവം നടന്നത്. ബാലനെ അതീവ ഗുരുതരാവസ്ഥയില്‍ കാശിയിലെ കബീര്‍ ചൗര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജയ് ശ്രീറാം വിളിക്കാന്‍ നാല് പേര് നിര്‍ബന്ധിച്ചപ്പോള്‍ കൗമാരക്കാരന് ഇതിന് വഴങ്ങിയില്ലെന്നും പറയപ്പെടുന്നു.
തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് ഇവര്‍ ബാലന്റെ ദേഹത്ത് തീ കൊളുത്തിയതെന്നുമാണ് വിവരം. എന്നാല്‍ കുട്ടിയെ ആരും ആക്രമിച്ചില്ലെന്നും, ബാലന്സ്വയം ദേഹത്ത് തീകൊളുത്തുകയായിരുന്നു എന്നുമാണ് ചന്ദൗലി പൊലീസ് പറയുന്നത്. ബാലന് പറയുന്നത് തെറ്റാണെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് കൗമാരക്കാരന് പറയുന്നതെന്നും പൊലീസ് പറയുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. താനുണ്ടായിരുന്നു എന്ന് പറഞ്ഞ സ്ഥലങ്ങളില്‍ ബാലന് ചെന്നിട്ടില്ലെന്നും പൊലീസ് പറയുന്നു. 45 ശതമാനത്തോളം കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് പറയുന്ന പൊലീസ്, പലതരത്തിലുള്ള മൊഴികളാണ് ബാലന് പലര്‍ക്കും നല്‍കിയതെന്നും പറയുന്നു.


