ന്യൂഡല്‍ഹി: വിദേശ സന്ദര്‍ശനവേളയില്‍ നടപടി ക്രമങ്ങളുടെ ഭാഗമായി വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളില്‍ ഇറക്കേണ്ടി വരികയാണെങ്കില്‍ പ്രധാനന്ത്രി വിശ്രമത്തിനായി ആഡംബര ഹോട്ടലുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വിശ്രമിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ആഡംബര ഹോട്ടലുകള്‍ക്ക് പകരം വിമാനത്താവളത്തിലെ സൗകര്യങ്ങളാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നത്. രാജ്യത്തിന് അധികചെലവ് ഉണ്ടാകാന്‍ പാടില്ല എന്ന ചിന്താഗതിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു.
വിമാനങ്ങള്‍ സാങ്കേതിക പ്രശ്നങ്ങളുടെ പേരിലോഇന്ധനം നിറയ്ക്കുന്നതിനായോ മറ്റ് വിമാനത്താവളങ്ങളില്‍ ഇറക്കേണ്ടിവരുമ്ബോള് മുന്‍ പ്രധാനമന്ത്രിമാരുടെ കാലത്ത് ഉദ്യോഗസ്ഥര്‍ അടക്കം ആഡംബര ഹോട്ടലുകളാണ് താമസിക്കുന്നതിനായി ഉപയോഗിച്ചിരുന്നതെന്നും ഇത് രാജ്യത്തിന് സാമ്ബത്തിക ബാധ്യത വരുത്തിയിരുന്നെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.
“മുമ്ബ് അങ്ങനെയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍ തന്നെ നടപടികള്‍ കഴിയുന്നതുവരെ കാത്തിരിക്കും. കൂടെ വരുന്ന ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം കാറുകള്‍ ഏര്‍പ്പാടാക്കുന്നതിനും നിയന്ത്രണമുണ്ട്. ഒരു കാറില്‍ നാലുപേരെങ്കിലും യാത്ര ചെയ്യണം. അതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ ബസ് വിളിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.”ഷാ പറഞ്ഞു.
സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും കര്‍ശനമായ അച്ചടക്കം പാലിക്കുന്നയാളാണ് മോദി. വിദേശ രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി പോകുമ്ബോള്‍ 20 ഉദ്യോഗസ്ഥരെ മാത്രമേ കൂടെ കരുതു. അതുപോലെ ഔദ്യോഗിക പ്രതിനിധികള്‍ വെവ്വേറേ കാറുകള്‍ ഉപയോഗിക്കുന്നതും മോദി നിരുത്സാഹപ്പെടുത്തും. മുമ്ബ് ഒരോരുത്തര്‍ക്കും പ്രത്യേകം കാറുകളായിരുന്നു നല്‍കിയിരുന്നത്- അമിത് ഷാ പറഞ്ഞു.
എസ്പിജി നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ക്കിടെയാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ സഭയില്‍ പറഞ്ഞത്. എസ്പിജി സുരക്ഷ പലതവണ ഗാന്ധി കുടുംബം ദുരുപയോഗിക്കുകയോ ചട്ടങ്ങള്‍ ലംഘിക്കുകയോ ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ കണക്കുകളുദ്ധരിച്ച് വ്യക്തമാക്കി. എന്നാല്‍ മോദിക്ക് 20 വര്‍ഷം സുരക്ഷ നല്കിയിരുന്നിട്ടും ഒരിക്കല്‍ പോലും സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
ചിലര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥരെന്നാല്‍ സ്റ്റാറ്റസ് സിംബലാണെന്നും മറ്റ് ചിലര്‍ അതിന്റെ നിയന്ത്രണങ്ങള്‍ നിസ്സാരമാക്കി ലംഘിക്കാന്‍ താത്പര്യപ്പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പരോക്ഷമായി സൂചിപ്പിച്ചാണ് അമിത് ഷായുടെ പരാമര്‍ശം.


