ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം സംഘടിപ്പിച്ചതിന്റെ പേരില്‍ വടക്കന്‍ കര്‍ണാടകയില്‍ സ്കൂള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. ബിദാര്‍ ജില്ലയിലെ ഷാപുര്‍ ഗേറ്റിലുള്ള സ്കൂളാണ് സീല്‍ ചെയ്തത്. സംഭവത്തില്‍ പ്രിന്‍സിപ്പലിനും സ്കൂള്‍ മാനേജ്മെന്റിനും എതിരെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ന്യൂ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സെക്ഷന്‍ 124എ, 504, 505(2), 153എ, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ജനുവരി 21ന് സ്കൂള്‍ വാര്‍ഷികദിനത്തിലായിരുന്നു വിദ്യാര്‍ഥികള്‍ നാടകം അവതരിപ്പിച്ചത്. അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടക്കം വിമര്‍ശിക്കുന്ന രീതിയില്‍ നാടകം കളിച്ചത്. നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് യൂസഫ് റഹീം എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ നീലേഷ് എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
സ്കൂള്‍ കണ്ട്രോള് റൂം തിങ്കളാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി സീല്‍ ചെയ്തിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട്, എസ്ഐ അടക്കമുള്ളവരാണ് സ്കൂള്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയും പോലീസ് ചോദ്യം ചെയ്തു. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.


