റായ്പൂർ: സഹോദരങ്ങൾ തമ്മിൽ പോരടിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാനാത്വത്തില്‍ ഏകത്വം നമ്മുടെ ശക്തിയാണെന്നും എല്ലാവരേയും ഒന്നിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ശക്തി വർദ്ധിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഡിലെ റായ്പുരിൽ നാഷനൽ ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എല്ലാ മതങ്ങളെയും, ജാതികളെയും, ഗോത്രങ്ങളെയും, ദലിതരെയും, പിന്നാക്ക വിഭാഗക്കാരെയും ഒരുമിച്ച് ചേർക്കാതെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പ്രവർത്തിപ്പിക്കാൻ കഴിയില്ല. നിയമസഭയിലും ലോക്സഭയിലും എല്ലാവരുടെയും ശബ്ദം കേൾക്കുന്നതുവരെ, ഈ രാജ്യത്തെ എല്ലാ ജനങ്ങളും ഐക്യപ്പെടുന്നതുവരെ, തൊഴിലില്ലായ്മയിലോ സമ്പദ്വ്യവസ്ഥയിലോ ഒന്നും ചെയ്യാൻ സാധിക്കില്ല”- രാഹുൽ ഗാന്ധി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കെതിരേയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. നോട്ട് നിരോധനവും, എന്‍ആര്‍സിയും എന്‍പിആറുമെല്ലാം രാജ്യത്തെ ദരിദ്ര ജനങ്ങള്‍ക്ക് മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ നികുതിയാണെന്നും രാഹുല്‍ പ്രതികരിച്ചു.