രാജസ്ഥാനിലെ ഭില്‍വാരയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം നവജാത ശിശു മരിച്ചു. നവജാത ശിശു സംരക്ഷണ യൂണിറ്റിലെ ‘വാര്‍മറില്‍’ നിന്നുള്ള അമിത ചൂടേറ്റാണ് കുഞ്ഞ് മരിച്ചത്. മറ്റൊരു കുട്ടിക്കും പൊള്ളലേറ്റു. സംഭവത്തില്‍ 2 കരാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി.
മഹാത്മാഗാന്ധി (എംജി) സര്‍ക്കാര്‍ ആശുപത്രിയിലെ മാതൃ-ശിശു വിഭാഗത്തിലെ നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ബുധനാഴ്ചയാണ് സംഭവം. 21 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ഭാരക്കുറവുള്ളതിനാല്‍ ഒക്ടോബര്‍ അഞ്ചിന് കുട്ടിയെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വാര്‍മറില്‍ നിന്നും അമിത ചൂടേറ്റ കുട്ടി ബുധനാഴ്ച പുലര്‍ച്ചെയോടെ മരിച്ചു.
കുടുംബാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് കരാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.