ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നടന് അജയ് ദേവ്ഗണിന്റെ പിതാവും പ്രശസ്ത സ്റ്റണ്ട് സംവിധായകനുമായ വീരു ദേവ്ഗണ് (85) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം വൈകുന്നേരം വിലെ പാര്‍ലെയില്‍ നടക്കും.

ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ബോളിവുഡില്‍ 90 കളില്‍ തിളങ്ങിനിന്ന സ്റ്റണ്ട് സംവിധായകനായിരുന്ന വീരു ദേവ്ഗണ് എണ്‍പതില്‍ അധികം ചിത്രങ്ങള്‍ക്ക് സ്റ്റണ്ട് സംവിധാനം നിര്‍വഹിച്ചു. 1999ല്‍ മകന് അജയ് ദേവഗണിനെയും അമിതാഭ് ബച്ചനെയും അഭിനേതാക്കളാക്കി സംവിധാനം ചെയ്ത ‘ഹിന്ദുസ്ഥാന്‍ കീ കസം’ എന്ന സിനിമ ഹിറ്റായിരുന്നു. ക്രാന്തി, സൗരഭ്, സിംഗാസന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധാന സഹായിയായും നിര്‍മാതാവായും സിനിമാരംഗത്ത് സജീവമായിരുന്നു.
ഭാര്യ: വീണ ദേവ്ഗണ്. മറ്റു മക്കള്‍: അനില്‍ ദേവ്ഗണ്, കവിത, നീലം ദേവ്ഗണ്.


