ന്യൂഡല്‍ഹി: ജനങ്ങളെ പരിഭ്രാന്തിയിലേക്ക് തള്ളിവിട്ട് രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് അഭ്യൂഹങ്ങളെ സോഷ്യല്‍മീഡിയ ശക്തമായ രീതിയില്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം കിംവദന്തികള്‍ മാത്രമാണെന്നും തെറ്റായ വാര്‍ത്തകളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്രം സ്ഥിരീകരിച്ചു.
കോവിഡ് കാലഘട്ടത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി പ്രതിസന്ധിയെ മറികടന്നതുപോലെ നിലവിലെ പശ്ചിമേഷ്യന്‍ യുദ്ധഭീതിയെയും നാം മറികടക്കുമെന്നായിരുന്നു പാര്‍ലമെന്റില്‍ മോദിയുടെ പ്രസ്താവന. ഇതോടെയാണ് രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കാമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രം വിളിച്ചുചേർത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുകയായിരുന്നു.


