ശ്രീനഗര്‍: ഇന്ത്യാ-പാകിസ്ഥാന് സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട വിമാനത്താവളങ്ങള്‍ തുറന്നു. ഇരു രാജ്യങ്ങളുടേയും വ്യോമസേനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് സാഹചര്യങ്ങള്‍ നീങ്ങുന്നു എന്ന സാഹചര്യത്തിലായിരുന്നു ജമ്മു കശ്മീരിലേതടക്കം വടക്കേ ഇന്ത്യയിലെ പത്ത് വിമാനത്താവളങ്ങള്‍ അടച്ചിട്ടത്. ഇവിടങ്ങള്‍ വ്യോമനിരോധന മേഖലയായി പ്രഖ്യാപിച്ചതും പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും ഇന്ത്യ റദ്ദാക്കി.

ലേ, ജമ്മു, ശ്രീനഗര്‍, ഷിംല, ഡെറാഡൂണ്‍, ധരംശാല, ഭുണ്ടര്‍, ഗഗല്‍, ചണ്ഡീഗഡ്, അമൃത്സര്‍ എന്നീ വിമാനത്താവളങ്ങളാണ് മൂന്നുമാസത്തേക്ക് അടച്ചിടാന്‍ നേരത്തേ തീരുമാനിച്ചത്. പൈലറ്റുമാര്‍ക്ക് നല്‍കിയിരുന്ന നോട്ടാം ജാഗ്രതാ മുന്നറിയിപ്പ് ( Notice to Airmen to alert aircraft pilots of potential hazards along a flight route) ഇന്ത്യ പിന്‍വലിച്ചു. അതേസമയം പാകിസ്ഥാനിലൂടെയുള്ള വ്യോമപാത ഒഴിവാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകളുടെ വ്യോമപാത പാകിസ്ഥാന് മുകളിലൂടെയാണ്.
ഇന്ന് പതിനൊന്നുമണിക്ക് ശേഷം അടച്ചിട്ട വിമാനത്താവളങ്ങളില്‍ നിന്ന് ഒരു വിമാനങ്ങളും പറന്നുയര്‍ന്നിട്ടില്ല. ഇവിടേക്ക് വരാനിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരിക്കുകയായിരുന്നു. ഈ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. കശ്മീരിലെ ബുദ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിന് പിന്നാലെയായിരുന്നു വിമാനത്താവളങ്ങള്‍ അടച്ചിട്ടത്.


