ചെന്നൈ: നടൻ വിജയ് നായകനായ ചിത്രം ജനനായകന് തിരിച്ചടി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ പ്രദർശനാനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
ഇതോടെ ജനായകന്റെ റിലീസ് വീണ്ടും വൈകും. സെൻസർ ബോർഡ് അപ്പീലിലാണ് നടപടി. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. ബോർഡിന്റെ ഈ നിലപാട് കണക്കിലെടുത്താണ് കോടതി നടപടി.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്യുടെ അവസാന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയിലായിരുന്ന ആരാധകരെയും സിനിമാ ലോകത്തെയും നിരാശയിലാഴ്ത്തിയിരിക്കുകയാണ് സ്റ്റേ നടപടി. വിദേശ രാജ്യങ്ങളിലടക്കം മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരിച്ചുനൽകേണ്ടി വരുന്നതിലൂടെ നിർമാതാക്കൾക്ക് 50 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.


