ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ (മൊഹല്ല ക്ലിനിക്ക്) ഡോക്ടര്‍ക്കും കൊറോണ വൈറസ് (കോവിഡ്-19) സ്ഥിരീകരിച്ചു. ഇതോടെ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയ രോഗികളെല്ലാം നിരീക്ഷണത്തിലായി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പുരിലെ മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 12 നും 18 നും ഇടയില്‍ ക്ലിനിക്കിലെത്തിയവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടര്‍ വിദേശയാത്ര കഴിഞ്ഞെത്തിയ ആളാണോ ഇത്തരം ആളുകളുമായി സമ്ബര്‍ക്കം ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച് ഇതുവരെ അറിവായിട്ടില്ല. ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാണ് മൊഹല്ല ക്ലിനിക്കുകള്‍. സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന ആളുകളാണ് മിക്കവാറും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. ഈ വിഭാഗത്തിനിടയില്‍ രോഗം വ്യാപിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക. നേരത്തെ ഡല്‍ഹി കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായ പ്രദേശം കൂടിയാണ് മൗജ്പുര്.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ ക്ലിനിക്കിലെ ഡോക്ടര്‍ക്കും കൊറോണ
by രാഷ്ട്രദീപം
by രാഷ്ട്രദീപം

