ന്യൂഡല്‍ഹി: കനത്ത സുരക്ഷയില്‍ രാജ്യം ഇന്നു റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഡല്‍ഹിയില്‍ രാവിലെ 9.50നു വിജയ് ചൗക്കില്‍ നിന്നു തുടങ്ങുന്ന റിപ്പബ്ലിക് ദിന പരേഡ് രാജ്പഥ്, തിലക് മാര്‍ഗ്, ബഹാദുര്‍ ഷാ സഫര്‍ മാര്‍ഗ്, നേതാജി സുഭാഷ് മാര്‍ഗ് വഴി ചെങ്കോട്ടയിലേക്കു നീങ്ങും. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ റമഫോസയാണു മുഖ്യാതിഥി. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് തുടങ്ങിയവര്‍ പങ്കെടുക്കും. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്ഷികാഘോഷം കണക്കിലെടുത്ത് ഗാന്ധിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണു പരേഡിലെ ഫ്ലോട്ടുകള്‍ തയാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ ഫ്ലോട്ട് ഇപ്രാവശ്യം പരേഡിലില്ല.
തീവ്രവാദി സംഘടനകളുടെ ഭീഷണി കാരണം ഏകദേശം 25,000 സൈനികരെയാണു സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. രാവിലെ 9ന് ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക മേധാവികളും ആദരമര്‍പ്പിക്കും. തുടര്‍ന്നാണു റിപ്പബ്ലിക് ദിന പരേഡിനു തുടക്കമാവുക. സൈനിക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദര്‍ശനം, വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ച്, കലാരൂപങ്ങള്‍ എന്നിവ പരേഡിന് ആവേശം പകരും. യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളോടെയാണു പരേഡ് സമാപിക്കുക.

