ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘ജീവിതം ലഘൂകരിക്കല്‍’ എന്ന് വിശേഷിപ്പിച്ച് ആരംഭിച്ച ഉജ്വല-പാചകവാതകപദ്ധതി ഗുജറാത്തിലെ ആദിവാസികള്‍ക്ക് ജീവിതം കഠിനമാക്കുന്നു. ഗ്രാമീണസ്ത്രീകളെ അടുക്കളപ്പുകയില്‍ നിന്ന് രക്ഷിക്കുക, വിറകിന്റെ ഉപയോഗം കുറയ്ക്കുക തുടങ്ങിയവയാണ് ലക്ഷ്യം വച്ച് തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ചെലവുകൂടിയതും മറ്റ് ബിപിഎല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതുമായത് കൊണ്ട് ആദിവാസികള്‍ പദ്ധതിയില്‍ നിന്ന് പുറത്താകുന്നുതായി കണ്ടെത്തല്‍. ഗുജറാത്തിലെ നാല് ആദിവാസിജില്ലകളില് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
ആരവല്ലി, സബര്‍ക്കന്ധ, ദഹോദ്, പഞ്ചമഹല് ജില്ലകളിലെ 15 ബ്ളോക്കുകളിലായി 1080 ആദിവാസികുടുംബങ്ങളിലാണ് അഹമ്മദാബാദ് ആസ്ഥാനമായ ദിശ ഫൗണ്ടേഷന് സര്‍വേ നടത്തിയത്. സര്‍വേയില്‍ 83.8 ശതമാനം കുടുംബങ്ങളും ഗ്യാസ് സിലിന്‍ഡര്‍ വാങ്ങുന്നത് നിര്‍ത്തിയതായി കണ്ടെത്തി. 8000 കോടി രൂപ വകയിരുത്തി 2016ല്‍ തുടക്കമിട്ട പദ്ധതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണ വിഷയങ്ങളിലൊന്നായി ബിജെപി മുന്നോട്ട് വയ്ക്കുന്നതാണ്. പദ്ധതി പ്രകാരം രാജ്യത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷനാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നത്. ഇതിനായി ഒരു കണക്ഷന് 1600 രൂപ എണ്ണക്കമ്ബനികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. എന്നാല്‍ കണക്ഷനുള്ള സൗജന്യവും സ്റ്റൗ വാങ്ങുന്നതിനുള്ള ആനുകൂല്യങ്ങളും മാത്രമേ സര്‍ക്കാര്‍ നല്‍കുകയുള്ളൂ. കണക്ഷന് ലഭിച്ചെങ്കിലും പിന്നീടുള്ള സിലിന്‍ഡറുകള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സിലിന്‍ഡര്‍ വാങ്ങുന്നത് നിര്‍ത്തി. ഗ്യാസ് കണക്ഷന് കിട്ടിയതോടെ ബിപിഎല്‍ റേഷന്‍ ഉള്‍പ്പെടെ നിഷേധിക്കുകയാണെന്നും ഗുണഭോക്താക്കള്‍ വ്യക്തമാക്കി.

