ആന്ധ്രാപ്രദേശില്‍ പുതുതായി നിര്‍മ്മിച്ച ആശുപത്രി കെട്ടിടത്തില്‍ തീപിടുത്തം. റെനിഗുണ്ടയിലെ കാര്‍ത്തിക ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. സിദ്ദാര്‍ത്ഥ റെഡ്ഡി(12), കാര്‍ത്തിക(6) എന്നീ കുട്ടികളാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഡോ.രവി ശങ്കര്‍, ഡോ.അനന്തലക്ഷ്മി ദമ്പതികളുടെ മക്കളാണ് മരിച്ച സിദ്ദാര്ത്ഥയും, കാര്‍ത്തികയും. മാതാപിതാക്കള്‍ സുരക്ഷിതരാണെന്ന് പൊലീസ് പറഞ്ഞു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്ന് അഗ്നിശമനസേന വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമത്തിലാണ്. ആശുപത്രി കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്ന ബാക്കി മൂന്നുപേര്‍ക്കായുളള രക്ഷാപ്രവര്‍ത്തനം നടന്നു വരുകയാണെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.


