ദില്ലി: ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)യുടെ പുതിയ മാറ്റങ്ങള്‍ ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ടെലിവിഷന്‍ ചാനലുകളുടെ തെരഞ്ഞെടുപ്പില്‍ ഉപഭോക്താക്കളുടെ താല്പര്യങ്ങള്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുളളതാണ് ട്രായിയുടെ പരിഷ്കാരം. ഇതുവരെ വരെ രാജ്യത്തെ 40 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് ട്രായ് നിര്‍ദേശം അനുസരിച്ച് ചാനലുകള്‍ തെരഞ്ഞെടുത്തിട്ടുള്ളൂ. ജനുവരി 31നുള്ളില്‍ എല്ലാവരിലേക്കും ഈ നിര്‍ദേശങ്ങള്‍ എത്തിക്കാനാകുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ട്രായ് ചെയര്മാന് ആര് എസ് ശര്‍മ പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ നിങ്ങള്‍ക്ക് വീട്ടിലെ കേബിള്‍\ഡിടിഎച്ച് കണക്ഷനുകളില്‍ ഏതൊക്കെ ചാനലുകള്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാം.
ഇഷ്ടപ്പെട്ട ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് പുതിയ ഭേദഗതി നല്‍കുന്നത്. ട്രായിയുടെ പുതിയ നിര്‍ദേശം ഉപഭോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ അത് മാറ്റുന്നതിനായി ചാനല്‍ സെലക്ടര്‍ ആപ്ലിക്കേഷന്‍ അധികൃതര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് ചാനലും അവയുടെ വരിസംഖ്യ എത്രയെന്നും അറിയാന്‍ സാധിക്കും. ഇതിനായി https://channel.trai.gov.in/ എന്ന വെബ്സൈറ്റ് ആണ് സന്ദര്‍ശിക്കേണ്ടത്. 100 ചാനലുകള്‍ ഉള്ള അടിസ്ഥാന പാക്ക് ആണ് പ്രധാനമായും ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഇതിന് 130 രൂപയായിരിക്കും ഈടാക്കുക. ജിഎസ്ടി കൂടെ ഉള്‍പ്പെടുത്തുമ്പോള്‍ ഉപഭോക്താവ് 154 രൂപ നല്‍കേണ്ടി വരും. ഇതില്‍ 25 ചാനലുകള്‍ ദൂരദര്‍ശന്റെ ചാനലുകളായിരിക്കും. ഇതിന് പുറമേയുള്ള ഫ്രീ ചാനലുകളില്‍ നിന്നും 75 എണ്ണം ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ട്രായിയുടെ നിര്‍ദ്ദേശപ്രകാരം ഒരു ചാനലിന് ഇനിമുതല്‍ നിരക്ക് 19 രൂപയില്‍ കൂടാന്‍ പാടില്ല.

