ന്യൂഡെല്‍ഹി: സൗജന്യമായി നല്‍കേണ്ട ചാനലുകള്‍ നിയമവിരുദ്ധമായി പ്രേക്ഷകര്‍ക്ക് തടഞ്ഞ കേബിള്‍ ടി.വി നെറ്റ്വര്ക്കിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ട്രായ് അറിയിച്ചു. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിട്ടും സൗജന്യ ചാനലുകള്‍ തടഞ്ഞ സേവന ദാതാവിനാണ് നോട്ടീസ് നല്‍കിയത്.
സേവന ദാതാക്കള്‍ നിശ്ചയിക്കുന്ന ഒരു കൂട്ടം ചാനലുകളുടെ പാക്കേജ് ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ട്രായ് അറിയിച്ചു. സൌജന്യമായി എയര്‍ ചെയ്യുന്ന നൂറ് ചാനലുകള്‍ പ്രതിമാസം 130 രൂപക്ക് ഉപഭോക്താവിന് നല്‍കണമെന്നാണ് ടെലകോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ഇതില്‍ 26 ദൂരദര്ശന് ചാനലുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി 74 ഉം ഉപഭോക്താവിന് യഥേഷ്ടം തെരഞ്ഞെടുക്കാം. എന്നാല്‍ ചില സേവന ദാതാക്കള്‍ ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ അവകാശം നിഷേധിക്കുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് ട്രായിയുടെ അറിയിപ്പ്. ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അവകാശം ഉപഭോക്താവിനാണെന്ന് ട്രായ് ആവര്‍ത്തിച്ചു.

