‘SIR പൂർത്തിയാക്കിയില്ല’; 60 ബിഎൽഒമാർക്കെതിരെ കേസെടുത്ത് യുപി ഭരണകൂടം
ഉത്തർപ്രദേശിലെ നോയിഡയിൽ എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിക്കാത്ത ബിഎൽഒമാർക്ക് എതിരെ കേസ്. 60 പേർക്ക് എതിരെയാണ് കേസ്. ഏഴ് സൂപ്പർവൈസർമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നോയിഡയിലെ 181 ബിഎൽഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്നും റിപ്പോർട്ട്. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി.
നോയിഡയിൽ , 11 ബിഎൽഒമാർക്കും ആറ് സൂപ്പർവൈസർമാർക്കും എതിരെ എഫ്ഐആർ ഫയൽ ചെയ്തു. ജെവാറിൽ, നിർദ്ദേശങ്ങൾ നൽകിയിട്ടും ഫോമുകൾ വിതരണം ചെയ്യുന്നതും ശേഖരിക്കുന്നതും ഉൾപ്പെടെയുള്ള അടിസ്ഥാന ജോലികൾ പോലും ചെയ്യുന്നതിൽ വീഴ്ചവരുത്തിയ 17 ബിഎൽഒമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വോട്ടർ പട്ടിക തയ്യാറാക്കുമ്പോൾ ഔദ്യോഗിക ജോലി ചെയ്യാതിരിക്കുന്നത് മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാൻ സാധ്യതയുണ്ട്.
വെള്ളിയാഴ്ച ചേർന്ന അവലോകനത്തിലാണ് ജില്ലാ കളക്ടർ മേധ രൂപം ബിഎൽഒമാർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയത്. എസ്ഐആർ നടപടികൾ അഞ്ച് ശതമാനത്തിൽ താഴെ പൂർത്തീകരിച്ചവർ എത്രയു വേഗം മുഴുവൻ നടപടികളും പൂർത്തീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മനഃപൂർവം നടപടികൾ വൈകിപിക്കുന്നവർക്കെതിരെയും തടസപ്പെടുത്തുന്നവർക്കെതിരെയും കേസ് എടുക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.


