ദില്ലി: കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. ഇറ്റലിയില്‍ നിന്ന് വന്നയാളാണ് മരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എഎംആര്‍എ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. 57 വയസ്സായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് എട്ടായി. കൊവിഡ് വ്യാപനം തടയാന്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് 19 പ്രതിരോധിക്കാൻ നിര്‍ദ്ദേശങ്ങളെല്ലാം പൂര്‍ണ്ണമായും നടപ്പാക്കാൻ തയ്യാറാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ്. നിയന്ത്രണങ്ങൾ ഭാഗികമായി നടപ്പാക്കിയത് കൊണ്ട് കാര്യമില്ല. 19 സംസ്ഥാനങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത് ആശ്വാസകരമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

