ന്യൂഡല്‍ഹി: കോവിഡ്-19 വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടയ്ക്കുമെന്നും ഡിജിസിഎ അറിയിച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും ചൊവ്വാഴ്ച അര്‍ധരാത്രിക്ക് മുന്‍പ് ലാന്‍ഡ് ചെയ്തിരിക്കണമെന്നും ഡിജിസിഎ കര്‍ശന നിര്‍ദേശം നല്കി. ആഭ്യന്തര വിമാന സര്‍വീസും റദ്ദാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബിഹാര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

