ദില്ലി: കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജികൾ 26 ന് വിശദമായി പരിഗണിക്കാൻ കോടതി മാറ്റിയിരിക്കുകയാണ്. കേരളത്തിൽ തദ്ദേശ തിരെഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിലെ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ബീഹാർ എസ്ഐആറും ഇതേ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതുകൊണ്ടാണ് കേരളത്തിന്റെ ഹരജികൾ മാത്രം ഉടൻ പരിഗണിക്കാമെന്ന് അറിയിച്ചതെന്ന് അഭിഭാഷകൻ ഹാരിസ് ബീരാൻ പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിഭാഷകൻ ഇന്ന് ഹാജരായില്ല.കേസ് നീട്ടി കൊണ്ടുപോകാനുള്ള ഉദ്ദേശ്യം കൊണ്ടായിരിക്കാം അഭിഭാഷകന് ഹാജരാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും നൽകിയ ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്ഐആർ നടത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുമാണ് കേരളത്തിന്റെ വാദം.തെരഞ്ഞെടുപ്പ് പൂർത്തിയാകുംവരെ എസ്ഐആർ മാറ്റിവയ്ക്കണമെന്നും സർക്കാർ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എസ്ഐആർ ഭരണഘടനാ വിരുദ്ധമാണ് എന്നാണ് പാർട്ടികൾ ഹരജികളിലെ വാദം.


