മോഷണക്കേസില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ അമൃത സേതിയും രണ്ട് സുഹൃത്തുക്കളും അറസ്റ്റില്‍. ഇരുപത്തിയാറുകാരിയായ അമൃതയും സുഹൃത്തുക്കള്‍ അക്ഷിത് ഝം (25), കുശാല്‍ എന്നിവരാണ് ഗോവയില്‍ നിന്നും അറസ്റ്റിലായത്. ദില്ലി സ്വദേശിയായ ഒരാളില്‍ നിന്നും ഏകദേശം രണ്ടരലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തതായാണ് കേസ്. മോഷണശേഷം കടന്നു കളഞ്ഞ സംഘത്തെ ഗോവയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ഇവിടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ താമസത്തിനും കാസിനോകളില്‍ പോക്കര് കളിക്കുന്നതിനുമായാണ് പണം ചിലവഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിന് ഹോസ് ഖസ് പൊലീസ് സ്റ്റേഷനിലാണ് സംഘത്തിനെതിരെ പരാതി ലഭിക്കുന്നത്. മനോജ് സൂഡ് എന്നയാളായിരുന്നു പരാതിക്കാരന്.
‘തന്റെ ബോസിന്റെ നിര്‍ദേശം അനുസരിച്ചാണ് അദ്ദേഹത്തിന്റെ ഒരു ക്ലൈന്റായ അമൃത സേതിയെ കാണാനെത്തിയത്. 3300 ഡോളര്‍ എക്സ്ചേഞ്ച് ചെയ്ത് 2,45,340 രൂപ വാങ്ങിവരാന്‍ ആയിരുന്നു ആവശ്യപ്പെട്ടത്. സേതി ആവശ്യപ്പെട്ടതനുസരിച്ച് പണവുമായി അവര്‍ നിര്‍ദേശിച്ച സ്ഥലത്തെത്തി. അമൃതയും സുഹൃത്ത് അക്ഷിതുമായി കാറില്‍ അവിടെയെത്തി. തന്നോട് കാറിലിരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു ശേഷം ഇവര്‍ മനോജിനോട് ഡോളര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ രൂപ നല്‍കിയതിന് ശേഷം മാത്രമെ പണം നല്കു എന്ന് ഇയാള്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു’ എന്നാണ് പൊലീസ് പറയുന്നത്.
ഇതിനെ തുടര്‍ന്ന് പ്രതികള്‍ പണം പിന്‍വലിക്കാനെന്ന വ്യാജേന ഒരു എടിഎമ്മിന് അടുത്തെത്തി. ഈ സമയത്ത് മനോജും ഇവര്‍ക്കൊപ്പം കാറില്‍ നിന്നിറങ്ങിയിരുന്നു. ഇതിനിടെ പ്രതികള്‍ ഇയാളോട് ഡോളര്‍ കാണിച്ചു തരാന്‍ ആവശ്യപ്പെട്ടു.
മനോജ് തുകയടങ്ങിയ ബാഗ് ഇവര്‍ക്കായി പുറത്തെടുത്തപ്പോള്‍ പ്രതികള്‍ ഇത് തട്ടിയെടുത്ത് കാറില്‍ കയറി കടന്നു കളയുകയായിരുന്നു. തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സിസിറ്റിവി ദൃശ്യങ്ങളുടെയും മറ്റ് സാങ്കേതിക തെളിവുകളുടെയും സഹായത്തോടെയാണ് പ്രതികള്‍ ഗോവയിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഗോവ പൊലീസിന്റെ സഹായത്തോടെ ഇവരെ കുടുക്കുകയായിരുന്നു.


