ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ല. പ്ലക്കാര്‍ഡുകള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കുമുള്ള സ്ഥലമല്ല പാര്‍ലമെന്റ. അതെല്ലാം കാണിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്ഥലം പുറത്തുണ്ട്. നിങ്ങള്‍ക്ക് ഇവിടെ വന്ന് സംസാരിക്കാം, സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിക്കാം. പക്ഷേ ഇത്തരം കാര്യങ്ങളൊന്നും ഇവിടെ ചെയ്യരുത് -സ്പീക്കര്‍ പറഞ്ഞു.
എം.പിമാരുടെ സത്യപ്രതിജ്ഞാ സമയത്ത് മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതില്‍ അദ്ദേഹം അതൃപ്തി അറിയിച്ചു. ഇനിയും അങ്ങിനെ സംഭവിക്കുമോ എന്നറിയില്ല. പക്ഷേ, പാര്‍ലമെന്റ് അതിന്റെ നിയമമനനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് 17-ാം ലോക്സഭയുടെ സ്പീക്കറായി ചുമതലയേറ്റ ഓം ബിര്‍ല. സ്പീക്കറെ സ്വഗതം ചെയ്തുകൊണ്ട് സംസാരിച്ച കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരിയാണ് കഴിഞ്ഞദിവസം സഭയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന കാര്യം ഓര്‍മ്മിപ്പിച്ചത്.
രാഷ്ട്രീയ എതിരാളികളുടെ സത്യപ്രതിജ്ഞ ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ വിളികള്കൊണ്ടായിരുന്നു ബി.ജെ.പി എം.പിമാര്‍ എതിരേറ്റത്. ബിസ്മി ചൊല്ലിയും തക്ബീര്‍ മുഴക്കിയും മുസ്ലിം എം.പിമാര്‍ മറുപടി കൊടുക്കുകയും ചെയ്തിരുന്നു.
ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവ് അസദുദ്ദീന്‍ ഉവൈസി തെന്റ പ്രതിജ്ഞ ജയ് ഭീം, ജയ് മീം, തക്ബീര്‍, അല്ലാഹു അക്ബര്‍, ജയ് ഹിന്ദ് എന്നു വിളിച്ചാണ് അവസാനിപ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അബൂ താഹിര്‍ ബിസ്മി ചൊല്ലി തുടങ്ങി തക്ബീറിലാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.


