മുംബയ്: മഹാരാഷ്ട്രയിലെ ജല്‍ഗാവോണിലുള്ള ഒരു ആശുപത്രി മരണപ്പെട്ട രണ്ട് കൗമാരക്കാരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. മൃതശരീരത്തിന് ജീവന് വയ്പ്പിക്കാനും ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഈ ആശുപത്രി മൃതദേഹങ്ങള്‍ ഇപ്പോഴും സൂക്ഷിച്ച് വച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കല്ലുപ്പിലാണ് ആശുപത്രി അധികൃതര്‍ ഈ ശരീരങ്ങള്‍ കാത്തുസൂക്ഷിക്കുന്നത്. ആശുപത്രിയില്‍ ജഡങ്ങള്‍ സൂക്ഷിച്ച് വച്ചിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.
ഒരു ക്വിന്റലില്‍ കൂടുതല്‍ വരുന്ന കല്ലുപ്പിലാണ് ഇവര്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത്. ജല്‍ഗാവോണിലെ മാസ്റ്റര്‍ കോളനിയില്‍ വച്ച് സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ച കൗമാരക്കാരുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ മരണപ്പെടുന്നത്. കൗതുകകരമായ കാര്യം എന്തെന്ന് വച്ചാല്‍ മരണപ്പെട്ട അന്ന് രാത്രിതന്നെ ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. ഇതിന് ശേഷം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ വച്ച് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
മരിച്ച കുട്ടികളുടെ മരണാനന്തര കര്‍മങ്ങളും വീട്ടുകാര്‍ നടത്തിയിരുന്നു. വിവരം അറിഞ്ഞ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട പൊലീസിനും തൃപ്തികരമായ ഉത്തരമല്ല ലഭിച്ചത്. എന്നാല്‍ മൃതദേഹങ്ങള്‍ ആശുപത്രിയുടെ കൈവശം ആയതിനാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല എന്നാണ് ആശുപത്രി ഡീന്‍ തങ്ങളോട് പറഞ്ഞതെന്ന് മഹാരാഷ്ട്ര പൊലീസിലെ ഇന്‍സ്പെക്ടര്‍ രഞ്ജീത് ശിര്‍ഷാത് പറഞ്ഞു.


