കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും റിലീഫ് ക്യാമ്പുകളിലും ജോലിസ്ഥലങ്ങളിലും കുടുങ്ങിപ്പോയ തൊഴിലാളികള്‍ നിലവില്‍ അവര്‍ കഴിയുന്ന സംസ്ഥാനങ്ങളില്‍ തന്നെ തുടരണമെന്നും അന്യസംസ്ഥാനങ്ങളിലേക്കുള്ള യാത്രകള്‍ അനുവദിക്കില്ലെന്നും കേന്ദ്ര ഗവണ്മെന്റ് വ്യക്തമാക്കി. നിലവില്‍ അവര്‍ ഉള്ള സ്ഥലങ്ങളിലെ വ്യവസായ, കൃഷി, നിര്‍മാണമേഖലകളില്‍ അവരെ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ് ഭീഷണിയില്ലാത്ത സ്ഥലങ്ങളില്‍ ചില മേഖലകള്‍ക്ക് ഈ മാസം 20 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കും ബന്ധപ്പെട്ട തൊഴില്‍മേഖലകളില്‍ സജീവമാകാന്‍ സഹായിക്കും വിധം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഇപ്പോള്‍ ക്യാമ്പുകളിലും മറ്റുമായി കഴിയുന്നവര്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓരോരുത്തരുടെയും തൊഴില്‍ മേഖലകളെ കുറിച്ചും വിവരം നല്‍കണം.ഓരോരുത്തരുടെയും തൊഴില്‍ മേഖലകള്‍ കണ്ടെത്തി സ്കില്‍ മാപ്പിംഗ് നടത്തുന്നതിനാണിത്.
അതിഥി തൊഴിലാളികള്‍ സംസ്ഥാനത്തിനുള്ളില്‍തന്നെ അവര്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ വിശദ പരിശോധനയ്ക്ക് വിധേയമാക്കണം. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമെ കൊണ്ടുപോകാന്‍ പാടുള്ളൂ. ബസിലോ മറ്റ് വാഹനങ്ങളിലോ ഇവരെ കൊണ്ടു പോകുമ്പോള്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സാമൂഹ്യഅകലവും, അണുനാശനവും അടക്കമുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ 15 ന് പുറത്തിറക്കിയ വ്യവസ്ഥകള്‍ പാലിക്കേണ്ടതാണ്. ഇവര്‍ക്ക് പ്രാദേശികഭരണകൂടങ്ങള്‍ ഭക്ഷണവും വെള്ളവും ലഭ്യമാക്കണമെന്നും മാര്‍ഗരേഖ അനുശാസിക്കുന്നു.
മാര്‍ച്ച് 29, ഏപ്രില്‍15, 16 എന്നീ തിയതികളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ തുടര്‍ച്ചയായാണ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കിയിട്ടുള്ളത്. ഇത് കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര മന്ത്രാലയം, സംസ്ഥാനസര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്കി.
വിശദ വിവരങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കുക http://164.100.117.97/WriteReadData/userfiles/19.4.2020%20SOP%20for%20movement%20of%20stranded%20labour%20within%20the%20State%20and%20UT.pdf