50 കോടിയിലേറെ മൂല്യമുണ്ടായിരുന്ന നിരോധിത നോട്ടുകള്‍ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ വരുമാനമായി ലഭിച്ചതായി റിപ്പോര്‍ട്ട്. 18 കോടി മ്യൂല്യമുണ്ടായിരുന്ന 1000 രൂപയുടെ 1.8 ലക്ഷം നോട്ടുകളും 31.7 കോടി രൂപയുടെ മൂല്യം വരുമായിരുന്ന 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് കാണിക്കയായി ക്ഷേത്രത്തില്‍ ലഭിച്ചത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി ക്ഷേത്രം.
കേന്ദ്രസര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ നിരോധിച്ചതാണ്. നോട്ട് നിരോധനം വന്നെങ്കിലും ഭക്തര്‍ ഇവ കാണിക്കയായി നല്‍കുന്നത് തുടരുകയായിരുന്നുവെന്നും പണം റിസര്‍വ് ബാങ്കിലോ മറ്റേതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും തിരുപ്പതി ദേവസ്ഥാനം ചെയര്മാന് വൈ.വി. സുബ്ബ അറിയിച്ചു.
12 ക്ഷേത്രങ്ങളും അവയുടെ ഉപ ആരാധനാലയങ്ങളും ചേര്‍ന്നതാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. ഇവിടേക്ക് എത്തിയ കാണിക്കയിലാണ് നിരോധിച്ച നോട്ടുകളുഴള്ളത്. പഴയ നോട്ടുകളുമായി ബന്ധപ്പെട്ട് 2017-ല്‍ ടി.ടി.ഡി. കേന്ദ്ര ധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും കത്തെഴുതിയിരുന്നുവെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല.


